ദമ്മാം: ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യവും “നാനാത്വത്തിൽ ഏകത്വം” ഭരണഘടനയിലൂടെ ഇന്ത്യൻ സംസ്ക്കാരത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഭാരത ജനതയെ വെട്ടിമുറിക്കുവാൻ ഒരു മത വർഗീയ ഫാസിസ്റ്റ് ശക്തികളെയും അനുവദിക്കുകയില്ലെന്ന് നവോദയ ദമ്മാം ടൌൺ സാംസ്ക്കാരിക കൂട്ടായ്മ പ്രതിജ്ഞയെടുത്തു. ലോക പ്രശസ്ത സർവകലാശാലയായ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥികൾക്ക് പ്രവാസലോകത്തിന്റെ ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നവോദയ ദമ്മാം ടൌൺ സാംസ്ക്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംവാദ സദസ്സാണ് ഒന്നടങ്കം പ്രതിജ്ഞ എടുത്തത്.വിയോജിപ്പുകളുടെ ആഘോഷമാണ് ജനാധിപത്യം. ജെ.എൻ. യു വിലെ വിദ്യാർഥി നേതാവിന് ഒരു ദിവസമെങ്കിലും തീഹാർ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിന്റെ അർഥം നമ്മുടെ ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും കശാപ്പു ചെയ്യുവാൻ ഫാഷിസത്തിന്റെ കരാള ഹസ്തങ്ങൾ പിടിമുറുക്കിക്കഴിഞ്ഞു എന്നുള്ളതാണ്. ഭാരത് മാതാ കീ ജയ് എന്ന് നിരന്തരം വിളിക്കുന്നവരുടെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് മറയാണ് തീവ്ര രാജ്യസ്നേഹം എന്ന് തിരിച്ചറിയണം. മാനുഷരെ തമ്മിലടിപ്പിച്ചു ഭാരതത്തെ ശിഥിലമാക്കുവാൻ സാമ്രാജ്യത ശക്തികളെപ്പോലും വെല്ലുന്ന തന്ത്രങ്ങളാണ് ഇന്ത്യയിലെ ഫാസിസ്റ്റ് കപട ദേശസ്നേഹികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ദേശദ്രോഹികൾ ആര് എന്ന് തിരിച്ചറിയുവാനുള്ള കഴിവ് ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങൾക്കുണ്ട്. വരുന്ന തിരഞ്ഞെടുപ്പിലൂടെ കേരളത്തിന്റെ മണ്ണിൽ ഇത്തരം കപട ദേശസ്നേഹികൾക്ക് സൂചികുത്തുവാൻ ഇടം നല്കില്ലയെന്നു പ്രബുദ്ധകേരളം തെളിയിക്കും. “ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ” എന്ന ആത്മ സമർപ്പണവുമായി നടക്കുന്ന കേരളത്തിന്റെ ഇടതുപക്ഷ മതനിരപേക്ഷ മനസ്സിന് ഗാന്ധി ഘാതകരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ആവിശ്യമില്ലെന്നും സംവാദ സദസ്സ് ഏകകണ്ഠം അഭിപ്രായപ്പെട്ടു.
അഡ്വക്കറ്റ് സന്തോഷ്കുമാർ വിഷയം അവതരിപ്പിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറർ സുധീഷ് തൃപ്രയാർ ക്രോഡീകരണം നടത്തി. സുദർശനൻ വർക്കല, ഷെരീഫ് തേക്കട, ശ്രീകുമാർ വള്ളിക്കുന്നം, റോയ് കല്ലിശ്ശേരി, അനീഷ് മുക്കം എന്നിവർ സംസാരിച്ചു. അജയൻ ഇല്ലിച്ചിറ അദ്യക്ഷത വഹിച്ച സംവാദത്തിൽ പ്രഗൽകുമാർ സ്വാഗതവും വിജയൻ ചെറായി നന്ദിയും രേഖപ്പെടുത്തി.