പി. പി. ചെറിയാന്‍
താമ്പാ: മെയ് 26 മുതല്‍ 28 വരെ ബോസ്റ്റണില്‍ വെച്ചു നടന്ന എട്ടാമത് അമേരിക്കന്‍ പെന്‍റെക്കോസ്റ്റല്‍ പ്രയര്‍ ലൈന്‍ ദേശിയ കോണ്‍ഫറന്‍സില്‍ ‘ബൈബിള്‍ മെമ്മൊറി വേഡ്സ്’ മത്സരത്തില്‍ ഫ്ലോറിഡായിലെ താമ്പയില്‍ നിന്നുള്ള റവ. പി. വി. ചെറിയാന്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. വടക്കെ അമേരിക്കയിലെ പ്രശസ്തരും പ്രഗത്ഭരുമായ അനേകം വേദപണ്ഡിതരെ പരാജയപ്പെടുത്തിയാണ് പി. വി. ചെറിയാന്‍ സമ്മാനത്തിനു അര്‍ഹനായത്. ബൈബിളിലെ ഏതാണ്ട് മുഴുവന്‍ സങ്കീര്‍ത്തനങ്ങളും മറ്റു വേദഭാഗങ്ങളും മനഃപാഠമാക്കിയിട്ടുള്ള ചുരുക്കം ചില മലയാളികളില്‍ ഒരുവനാണ് റവ. പി. വി. ചെറിയാന്‍. താമ്പായിലെ അറിയപ്പെടുന്ന ഒരു സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയാണ് റവ. ചെറിയാന്.
ബോസ്റ്റണില്‍ നിന്നുള്ള സിസ്റ്റര്‍ സൂസന്‍ ജോര്‍ജ്ജ് ആണ് ‘ഇന്റര്‍ നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡ്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന അമേരിക്കന്‍ പെന്‍റെക്കോസ്റ്റല്‍ പ്രയര്‍ ലൈനിന്‍റെ മോഡറേറ്റര്‍. ഡോ: രാജന്‍ ഡാനിയേലിന്‍റെ മഹനീയ സാന്നിദ്ധ്യത്തില്‍ ഇന്റര്‍ നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡിന്‍റെ പാസ്റ്റര്‍ റവ. സൈമണ്‍ ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രശസ്തരായ അനേകം ദൈവദാസന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു. പ്രയര്‍ ലൈനില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളുകളുടെ വാര്‍ഷിക കൂട്ടായ്മയാണ് അമേരിക്കന്‍ പെന്‍റെക്കോസ്റ്റല്‍ പ്രയര്‍ ലൈന്‍ ദേശിയ കോണ്‍ഫറന്‍സ്.
വടക്കെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അനേകം പെന്‍റെക്കോസ്റ്റല്‍ വിശ്വാസികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. മഹത്തായ വചനപ്രഘോഷണങ്ങളും സംഗീതാലാപനങ്ങളും കൊണ്ട് ഈ വര്‍ഷത്തെ പെന്‍റെക്കോസ്റ്റല്‍ പ്രയര്‍ ലൈന്‍ ദേശിയ കോണ്‍ഫറന്‍സ് ശ്രദ്ധേയമായി.