
സ്വന്തം ലേഖകൻ
ഡബ്ലിൻ:ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പൊതുജീവനക്കാർ സമരത്തിനൊരുങ്ങവേ, ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ലെന്ന പ്രസ്താവനയുമായി ആരോഗ്യമന്ത്രി സിമോൺ ഹാരിസ്. ബജറ്റ് എന്നാൽ ബജറ്റ് തന്നെയാണെന്നും, അത്ഭുതപ്രവൃത്തിയുലൂടെ എടുത്തു നൽകാൻ പണമില്ലെന്നും പറഞ്ഞ ഹാരിസ്, ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നവർ (രാഷ്ട്രീയ കക്ഷികൾ) അതിനുള്ള പണം എവിടെനിന്നു കിട്ടുമെന്ന് പറയാൻ ബാധ്യസ്ഥരാണെന്നും പറഞ്ഞു. ഐറിഷ് ഹോസ്പിറ്റലുകളിൽ സ്റ്റാഫുകളുടെ അപര്യാപ്തത അനുഭവപ്പെടുന്നു എന്ന പ്രശ്‌നം നിലനിൽക്കെ തന്നെ, നഴ് സുമാരുടെയും ഡോക്ടർമാരുടെയും ശമ്പളം വർദ്ധിപ്പിക്കാൻ യാതൊരു മാർഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനെതിരെ ഷിൻ ഫെൻ വക്താവ് ലൂയിസ് ഒ റെയ്‌ലി രംഗത്തു വന്നു. പണമില്ലെങ്കിൽ ലാൻഡ്‌സ്ഡൗൺ കാരാറിനു വിരുദ്ധമായി ഗാർഡയ്ക്ക് എങ്ങനെ ശമ്പളം കൂട്ടി നൽകിയെന്ന് മന്ത്രി ഹാരിസ് വിശദീകരിക്കണമെന്ന് ഒ റെയ്‌ലി ആവശ്യപ്പെട്ടു. ആ തീരുമാനം ശരിയായില്ലെന്നും അദ്ദേഹം വിമർശനമുയർത്തി. എന്നാൽ തീരുമാനം ശരിയല്ല എന്നു വാദിക്കുന്നതിനു പകരം ശമ്പള വർദ്ധനവിനുള്ള പണം എവിടെയെന്നു ഒ റെയ്‌ലി കാണിച്ചുകൊടുക്കണമെന്ന് ഹാരിസ് തിരിച്ചടിച്ചു.
മറ്റുള്ളവർക്ക് നൽകാനില്ലാത്ത പണം ഗാർഡയ്ക്ക് മാത്രം എവിടെനിന്നു ലഭിച്ചു എന്നായിരുന്നു ഒ റെയ്‌ലിയുടെ മറുചോദ്യം. എന്നാൽ ഗാർഡയ്ക്ക് ശമ്പളം വർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാരിന്റേതായിരുന്നില്ലെന്നും , ലേബർ കോർട്ട് നിർദ്ദേശം സർക്കാർ അംഗീകരിക്കുക മാത്രമായിരുന്നുവെന്നും ഹാരിസ് മറുപടി നൽകിയെങ്കിലും ഒ റെയ്‌ലിയെ ഈ ഉത്തരം തൃപ്തിപ്പെടുത്തിയില്ല. ലാൻഡ്‌സ്ഡൗൺ റോഡ് കരാർ ലംഘിക്കപ്പെട്ടു എന്ന വാദത്തിൽ അദ്ദേഹം ഉറച്ചുനിന്നു.
എന്നാൽ നഴ്‌സിംഗ് യൂണിയൻ നേതാക്കൾ നൽകുന്ന സൂചനകൾ അനുസരിച്ച് സർക്കാർ വൃത്തങ്ങൾ ശമ്പളം കൂട്ടി നൽകുന്നതിനുള്ള സാധ്യതകൾ യൂണിയൻ നേതാക്കൾക്ക് അവതരിപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നതാണ്.സമരം ചെയ്യാനുള്ള ബാലറ്റ് ഉടൻ നടത്താൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.ശബളം കൂട്ടിത്തന്നില്ലെങ്കിൽ സമരത്തിനിറങ്ങാനാണ് ഐഎൻഎംഒ യുടെ നീക്കം.