ഡബ്ലിൻ: രാജ്യത്ത് പൊതുജനാരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ തങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ രണ്ടാഴ്ച സമയം സർക്കാരിന് അനുവദിച്ചു. ആശുപത്രിയിലെ കൺസൾട്ടന്റ് കോൺട്രാക്ടും പേ ഇഷ്യുവും അടക്കമുള്ള വിഷയങ്ങളിലാണ് സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്നു ഡോക്ടർമാരും ഇവരുടെ സംഘടനകളും ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ദി ഐറിഷ് മെഡിക്കൽ ഓർഗനൈസേഷനാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിസന്ധിക്കാലത്തെ തുടർന്നു ജനുവരിയിൽ മാറ്റി വച്ച സമരം ഏതു നിമിഷവും പുനരാരംഭിക്കുമെന്നും ഐഎംഒ പറയുന്നു. നിലവിൽ ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ച പ്രപ്പോസൽ അംഗീകരിക്കാൻ ഡോക്ടർമാരുടെ സംഘടന ഇനിയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ തങ്ങളുടെ സമരവുമായി മുന്നോട്ടു പോകുന്നതെന്നാണ് ലഭിക്കുന്ന സൂചന.
ഡിപ്പാർട്ടമെന്റ് മുന്നോട്ടു വച്ച പദ്ധതി പ്രകാരം, രാജ്യത്തെ പൊതുജനാരോഗ്യമേഖലയിൽ പബ്ലിക്ക് കൺസൾട്ടന്റിന്റെയും ലീഡർഷിപ്പിന്റെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പൊതുജനാരോഗ്യ മേഖല കൺസൾട്ടന്റുമാർ നിയന്ത്രിക്കുന്ന സംവിധാനമായി മാറണമെന്നാണ് ഡോക്ടർമാർ ഇപ്പോൾ ആവശ്യപ്പെടുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും കൺസൾട്ടന്റ് കോൺട്രാക്ട് തന്നെ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഡോക്ടർമാരുടെ പ്രവർത്തി പരിചയവും സ്‌പെഷ്യലിസ്റ്റ് സ്‌കില്ലും ഇതിനായി ഉപയോഗിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.
എന്നാൽ, നിലവിൽ ഡിപ്പാർട്ടമെന്റ് മുന്നോട്ടു വയ്ക്കുന്ന പദ്ധതികൾ നിലവിലുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ പര്യാപ്തമല്ലെന്നു ഡോക്ടടർമാരുടെ സംഘടന അഭിപ്രായപ്പെടുന്നു. ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണേലിയുടെ വ്യക്താവിന്റെ അഭിപ്രായത്തിൽ ഡോക്ടർമാരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും ഇതു സംബന്ധിച്ചുള്ള ധാരണകൾ ഉടൻ ഉണ്ടാകുമെന്നും അറിയിക്കുന്നു.