നഴ്‌സുമാരുടെ ചേക്കേറൽ: കൂടിയ ശമ്പള പരിഷ്‌കരണവുമായി സർക്കാർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തു നിന്നു പഠനം പൂർത്തിയാക്കിയ നഴ്‌സുമാർ വിദേശങ്ങളിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലി തേടി പോകുന്നത് ഒഴിവാക്കാൻ പുതിയ ശമ്പള പരിഷ്‌കരണ പദ്ധതികളുമായി സർക്കാർ. അയർലണ്ടിൽ നിലവിലെ ശമ്പളം കുറവായതും, ജോലിഭാരം കൂടുതലായതും കാരണം നഴ്‌സുമാർ യുകെ, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യാനായി പോകുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. നഴ്‌സുമാർക്കു പുറമെ ഡോക്ടർമാരും രാജ്യം വിട്ടു പോകുന്നുണ്ട്. 2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷമാണ് ഈ സ്ഥിതിവിശേഷം സംജാതമാകുന്നത്.
ഇവിടെ നിന്നും കുടിയേറിയ നഴ്‌സുമാരെയും ഡോക്ടർമാരെയും തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി ആദ്യ പടിയെന്ന നിലയിൽ മൊത്തത്തിൽ ശമ്പളം വർദ്ധിപ്പിക്കാനാണ് പബ്ലിക് എക്‌സ്‌പെൻഡിച്ചർ ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നത്. ഐടി, ഫിനാൻഷ്യൽ മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുജീവനക്കാരുടെയും ശമ്പളം വർദ്ധിപ്പിക്കും. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അയർലണ്ടിൽ ലഭിക്കുന്ന ശമ്പളം കുറവാണ്.
ഇതിന് പുറമേ എല്ലാ പൊതുമേഖലാ ജീവനക്കാർക്കും ആയിരം യൂറോ വീതമുള്ള വർദ്ധനവ് മുൻകൂറായി നൽകി നിലവിലുള്ള സമരപരിപാടികൾ നിർത്തിവെയ്പ്പിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. സർക്കാർ സമിതികളും യൂണിയനുകളും തമ്മിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ അനുസരിച്ച് അടുത്ത സെപ്റ്റംബറിൽ ആയിരം യൂറോ വീതം അഡ്വാൻസ് പേയ്‌മെന്റ് നൽകാമെന്ന വാഗ്ദാനമാണ് സർക്കാർ നൽകിയിരിക്കുന്നത്.അടുത്ത ആഴ്ച യൂണിയനുകളുമായി നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top