സ്വന്തം ലേഖകൻ
ഡബ്ലിൻ:പൊതു മേഖലാ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ തൊഴിലാളി യൂണിയനുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി എൻഡ കെന്നി. എത്രയും പെട്ടെന്ന് ചർച്ചകൾ ആരംഭിക്കുമെന്ന് മുതിർന്ന മന്ത്രിമാരും വ്യക്തമാക്കി.
സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത പക്ഷം 60,000ഓളം വരുന്ന തങ്ങളുടെ അംഗങ്ങൾ സമരത്തിലേയ്ക്ക് നീങ്ങുമെന്ന് തൊഴിലാളി സംഘടനയായ സിപ്റ്റു കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഗാർഡയ്ക്ക് ശമ്പള വർദ്ധനവ് നൽകുമെങ്കിൽ എന്തുകൊണ്ട് തങ്ങൾക്ക് നൽകിക്കൂടാ എന്നാണ് യൂണിയനുകൾ ഉയർത്തുന്ന ചോദ്യം. ഗാർഡയുടെ ആവശ്യം അംഗീകരിച്ചതോടെ ലാൻഡ്‌സ്ഡൗൺ കരാറിന് സാധുതയില്ലാതായെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.
നഴ്‌സിംഗ് യൂണിയന് പുറമെ സോഷ്യൽ വർക്കേഴ്‌സും സമരം ആരംഭിക്കുന്നതിന് പുതിയ ബാലറ്റ് പ്രഖ്യാപിച്ചിരുന്നു.പുതിയ ശമ്പള വർദ്ധനവ് ഉടൻ പ്രാബല്യത്തിൽ വരുത്താനായില്ലെങ്കിലും ശമ്പളകമ്മിഷൻ റിപ്പോർട്ട് അടുത്ത ജൂലൈയിൽ വരും വരെ ജീവനക്കാരെ പിടിച്ചു നിർത്താനാണ് കെന്നിയുടെയും സംഘത്തിന്റെയും പുതിയ പദ്ധതിയെന്ന് റിപ്പോർട്ടുകളുണ്ട്.