ലഹരിക്കായി ഇന്‍ഡോനേഷ്യയില്‍ സാനിറ്ററി പാഡ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡോനേഷ്യന്‍ മാധ്യമങ്ങളെ ഉദ്ദരിച്ച് ഡെയിലിമെയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ചിട്ട് പിഴിഞ്ഞെടുത്ത ശേഷമാണ് ലഹരി പദാര്‍ത്ഥമായി ഉപയോഗിക്കുന്നത്. ഇന്‍ഡോനേഷ്യയിലെ കൗമാരക്കാരാണ് ഇതിന് അടിമകളായിരിക്കുന്നത്. ഇന്‍ഡോനേഷ്യന്‍ നാഷ്ണല്‍ ഡ്രഗ് എജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാസവസ്തുക്കള്‍ കലര്‍ന്ന ഈ വെള്ളം കുടിച്ചാല്‍ അന്തരീക്ഷത്തിലൂടെ പറക്കുന്നതായി അനുഭവപ്പെടും.
പാഡില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് ഇതിന് സഹായിക്കുന്നത്. ജക്കാര്‍ത്ത പോസ്റ്റ്, ജവ പോസ് ഉള്‍പ്പെടെയുളള മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി കൗമാരക്കാരെ സാനിറ്ററി പാഡ് ഉപയോഗിച്ച് തയാറാക്കിയ ലഹരി ഉപയോഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് പലരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്‍ഡോനേഷ്യയിലെ ആരോഗ്യമന്ത്രാലയം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.