റിയാദ്: സൗദിയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കനേഡിയന്‍ അംബാസഡറെ സൗദി അറേബ്യ പുറത്താക്കിയിരുന്നു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്നാരോപിച്ചായിരുന്നു സൗദിയുടെ നടപടി. ഇപ്പോഴിതാ, കാനഡയിലേക്കുള്ള എല്ലാ വിമാനങ്ങളും സൗദിയുടെ ഔദ്യോഗിക വിമാന കമ്പനി റദ്ദാക്കിയിരിക്കുകയാണ്.
കാനഡയുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണ് എന്നും സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. കനേഡിയന്‍ അംബാസഡറെ പുറത്താക്കിയത് കൂടാതെ, കാനഡയിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട് സൗദി അറേബ്യ.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ അമേരിക്കന്‍ ഇടപെടല്‍ എങ്ങനെ ആയിരിക്കും എന്നാണ് ഇനി അറിയേണ്ടത്. സൗദിയില്‍ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകരെ വിട്ടയക്കണം എന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സൗദി അറേബ്യയെ പ്രകോപിപ്പിച്ചത്. തങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ എന്തിനാണ് കാനഡ ഇടപെടുന്നത് എന്നാണ് സൗദിയുടെ ചോദ്യം. പ്രശ്‌നം രൂക്ഷമായതോടെ സൗദിയുടെ കടുത്ത നടപടിയാണ് വന്നത്. കനേഡിയന്‍ അംബാസഡര്‍ ആയ ഡെന്നിസ് ഹോറക്കിന് രാജ്യം വിടാന്‍ അനുവദിച്ചത് വെറും 24 മണിക്കൂര്‍ മാത്രമായിരുന്നു.
കാനഡയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും സൗദി ഉപേക്ഷിക്കുകയും ചെയ്തു. സൗദിയും കാനഡയും എണ്ണ ഉത്പാദക രാജ്യങ്ങളാണ്. രണ്ട് രാജ്യങ്ങളുടേയും സമ്പദ് ഘടന ഏറിയും കുറഞ്ഞും എണ്ണ വിപണിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്തായാലും കനാഡയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും സൗദി അറേബ്യ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ സൗദി നടപടികളെ തുടര്‍ന്ന് തങ്ങളുടെ നിലപാടില്‍ നിന്ന് പിറകോട്ട് പോകാന്‍ തയ്യാറല്ലെന്ന് കാനഡ വ്യക്തമാക്കുന്നത്.
മനുഷ്യാവകാശത്തിന് വേണ്ടി ഇനിയും ശബ്ദം ഉയര്‍ത്തും എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. കാനഡയുടെ വിദേശ കാര്യ മന്ത്രി തന്നെയാണ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. മെയ് 15 ന് ശേഷം സൗദിയില്‍ 15 ല്‍ പരം മനുഷ്യാവകാശ പ്രവര്‍ത്തകരം സ്ത്രീ സ്വാതന്ത്ര്യ പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട് എന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൗക്കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളത്. ഭരണ കൂടത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഈ അറസ്റ്റുകള്‍ എന്നും പറയുന്നു.
ഇതിനെതിരെ ആയിരുന്നു കാനഡയുടെ പ്രതിഷേധം. അറസ്റ്റിലായവരില്‍ സൗദി-അമേരിക്കന്‍ പൗരയും മനുഷ്യാവകാശ പ്രവര്‍ത്തകയും ആയ സമര്‍ ബദാവിയും ഉണ്ടായിരുന്നു. സമറിന്റെ സഹോദരനും ബ്ലോഗറും ആയ റെയ്ഫ് ബദാവിയെ നേരത്തെ തന്നെ സൗദി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്. സമര്‍ ബദാവിയുടെ അറസ്റ്റിനെ തുടര്‍ന്നായിരുന്നു കാനഡയുടെ പ്രതികരണം.