പി.പി ചെറിയാൻ
വാഷിങ്ടൺ: സെപ്റ്റംബർ 11 നു നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്ത ആയിരക്കണക്കിനു ജനങ്ങളുടെ കുടുംബാംഗങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ സൗദി അറേബ്യ ബാധ്യസ്ഥരാണെന്നു ചൂണ്ടിക്കാട്ടി യുഎസ് സെനറ്റ് ഐക്യകണ്‌ഠേന പാസാക്കിയ ബിൽ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്തു.
മറ്റു രാജ്യങ്ങളിൽ സേവനം അനുഷ്ടിക്കുന്ന യുഎസ് ഉദ്യോഗസ്ഥർക്കും സേനാംഗങ്ങൾക്കും ഈ ബിൽ ദോഷം ചെയ്യുമെന്നു ചൂണ്ടിക്കാട്ടിയാണ് വീറ്റോ ചെയ്യുന്നതിനു പ്രസിഡന്റിനെ പ്രേരിപ്പിക്കുന്ന ഘടകമാണെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി. സെപ്റ്റംബർ 23 വെള്ളിയാഴ്ച നഷ്ടപരിഹാര ബിൽ വീറ്റോ ചെയ്തതായി പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത് പ്രതീക്ഷയോടെയാണ് കാത്തിരുന്ന ആയിരക്കണക്കിനു ജനങ്ങളിൽ നിരാശയുളവാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയെ ഈ തീരുമാനം മോശകരമായി ബാധിക്കും എന്നു വിലയിരുത്തപ്പെടുന്നു. ഒബാമ അധികാരത്തിൽ എത്തിയ ശേഷം വീറ്റോ ചെയ്യുന്ന പന്ത്രണ്ടാമത്തെ ബില്ലാണ് ഇത്.
പ്രസിഡന്റിന്റെ വീറ്റോയെ മറികടക്കുന്നതിനു വേണ്ട നടപടികൾ സംബന്ധിച്ചു റിപബ്ലിക്കൻ പാർട്ടിയും ഡമോക്രാറ്റിക് പാർട്ടിയും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു ചർച്ച പുരോഗമിക്കുകയാണ്. ഇതു പൂർത്തിയായാൽ ഒരു പക്ഷേ അമേരിക്കയുടെ ചരിത്രത്തിൽ മറ്റൊരു അധ്യായം രചിക്കപ്പെടും.
അമേരിക്കൻ ജനതയ്ക്കു നേരെ നടക്കുന്ന ഭീകരാക്രമങ്ങളിൽ നിന്നും കൂടുതൽ സംരക്ഷണം ലഭിക്കുന്നതിനോ ഇതിനെതിരെ ഫലപ്രദമായി പ്രതികരിക്കുന്നതിനോ ഈ പാസായാൽ അവസരം ലഭിക്കുമെന്നു പ്രതീക്ഷയില്ലെന്നു വറ്റോ ചെയ്തു ഒബാമ ഇറക്കിയ വിശദീകരണത്തിൽ ചൂണ്ടിക്കാടുന്നു. ഒബാമയുടെ പ്രഖ്യാപനം വന്ന ഉടനെ ബില്ലിനെ അനുകൂലിച്ചു ഹില്ലരി ക്ലിന്റൻ രംഗത്തെത്തി. നഷ്ടപരിഹാരം നൽകാൻ സൗദി ബാധ്യസ്ഥരാണെന്നു ഹില്ലരി അഭിപ്രായപ്പെട്ടു.