ജിദ്ദ: സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിച്ച് പുതിയ കടല്‍പ്പാലം നിര്‍മ്മിക്കും. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും, ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ബഹ്റൈന്‍ ഭരണാധികാരിയോടുള്ള ബഹുമാനാര്‍ഥം കിങ് ഹമദ് കോസ് വേ എന്ന പേരിലായിരിക്കും പുതിയതായി നിര്‍മ്മിക്കുന്ന പാലം അറിയപ്പെടുക.
25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റിയാദിനെയും മനാമയെയും ബന്ധിപ്പിച്ചു കൊണ്ട് കടലിലൂടെ പുതിയ പാലം നിര്‍മ്മിക്കുക. പുതിയ പാലം സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ സൗദി, ബഹ്റൈന്‍ ഭരണാധികാരികള്‍ തമ്മില്‍ തീരുമാനിച്ചു. പൂര്‍ണമായും സ്വകാര്യ നിക്ഷേപത്തോടെയായിരിക്കും പാലം നിര്‍മ്മിക്കുക. വാഹനഗതാഗതത്തിനും റെയില്‍ ഗതാഗതത്തിനും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന തരത്തിലായിരിക്കും പുതിയ പാലമെന്നാണ് സൂചന
നിര്‍ദിഷ്ട ജിസിസി റെയിലിന്റെ ഭാഗമായുള്ള റെയില്‍ പാത ഈ പാലത്തിലൂടെയായിരിക്കും കടന്നു പോവുക. നാലു വര്‍ഷം കൊണ്ട് കോസ് വേയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാമെന്നാമ് കണക്കു കൂട്ടല്‍. നിലവില്‍ കിങ് ഫഹദ് കോസ് വേ ആണ് സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ഏകപാലം. പ്രതിദിനം നാല്‍പതിനായിരത്തിലധികം വാഹനങ്ങളാണ് ഈ പാത ഉപയോഗപ്പെടുത്തുന്നത്.