റിയാദ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(എ.പി വിഭാഗം) ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ മതകാര്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.ഇസ്ലാം മതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിനും അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയതെന്ന് ഇത് സംബന്ധിച്ച വാര്‍ത്തകളില്‍ പറയുന്നു.
എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ മര്‍ക്കസ് മീഡിയ വിഭാഗം തയ്യാറായിട്ടില്ല. വിലക്ക് ഈ മാസം ആറിന് നിലവില്‍ വന്നതാണെങ്കിലും കഴിഞ്ഞദിവസം ദമാമില്‍ നടത്താനിരുന്ന പരിപാടി തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നതതും വാര്‍ത്തയാകുന്നുതു. ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ അനുയായികളും നിരവധി സ്ഥാപനങ്ങളും എപി അബൂബക്കര്‍ മുസ്ല്യാര്‍ക്കുണ്ട്.
സൗദി ഗ്രാന്‍ഡ് മുഫ്തിയുടേയും മതകാര്യ മന്ത്രാലയം മക്ക കേന്ദ്രത്തിന്റെയും കത്തുകളുടെ അടിസ്ഥാനത്തിലാണ് മതകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇന്ത്യയിലെ ബറെല്‍വി ചിന്താധാരയുടെ തെക്കേഇന്ത്യയിലെ വക്താവാണ് കാന്തപുരമെന്നും സെപ്റ്റംബര്‍ ആറിനു പുറത്തിറക്കിയ ഉത്തരവ് പറയുന്നു. സൗദിയില്‍ കാന്തപുരത്തിന്റെ പരിപാടികള്‍ നടക്കുന്നുടെങ്കില്‍ അറിയിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.