സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ സ്‌കൂളുകളുടെ പ്രവർത്തനങ്ങളെല്ലാം ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ ലഭിക്കുമെന്നു ഉറപ്പായി. രാജ്യത്തെ സ്‌കൂളുകൾ തങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ രക്ഷിതാക്കളെ അറിയിക്കണമെന്ന് പുതിയ നിയമം നടപ്പാകുന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ ഉറപ്പു അധികൃതർക്കു ലഭിക്കുന്നത്. ഇത് സംബന്ധിച്ച ബിൽ ഉടൻ പ്രസിദ്ധീകരിക്കും. അയർലണ്ടിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കാൻ പോകുന്നത്.
പുതിയ നിയമപ്രകാരം എല്ലാ സ്‌കൂളുകളും വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും വിവരങ്ങളടങ്ങിയ ഒരു രേഖ സൂക്ഷിക്കണം. സ്‌കൂളിലെ വിവരങ്ങൾ രക്ഷിതാക്കളെ അറിയിക്കുകയും, രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്ന പരാതികൾ, നിർദ്ദേശങ്ങൾ എന്നിവ പരിഗണിച്ച് സ്‌കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വേണം. സ്‌കൂളുകളിൽ ലഭിക്കുന്ന പരാതികൾ പ്രസിദ്ധപ്പെടുത്തണം. ഇത്തരത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനാണ് നിയമം ഉദ്ദേശിക്കുന്നത്.
ഇതാദ്യമായി സെക്കണ്ടറി വിദ്യാർത്ഥികളെ സ്‌കൂൾ മാനേജ്‌മെന്റ് ബോർഡുകളിൽ അംഗങ്ങളാക്കുന്നതിനുള്ള നിർദ്ദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്. സ്‌കൂളുകൾക്കെതിരായ പരാതികൾ അന്വേഷിക്കാൻ ഓംബുഡ്‌സ്മാനെ നിയമിക്കുകയും ചെയ്യും. ഇതോടെ സ്‌കൂളുകളിലെ പ്രശ്‌നങ്ങളിൽ വിദ്യാഭ്യാസമന്ത്രിക്ക് നേരിട്ട് ഇടപെടാനുള്ള സാഹചര്യം ഉണ്ടാകും.