സ്വന്തം ലേഖകൻ
ന്യൂ സൗത്ത് വെയിൽസ്: സ്‌കൂൾ വിദ്യാർഥികളും അധ്യാപകരുമായി വിനോദയാത്ര പോയ സ്‌കൂൾ ബസിനു തീ പിടിച്ചു. തീയും പുകയും ഉയർന്ന ബസിനുള്ളിൽ നിന്നു വിദ്യാർഥികളും അധ്യാപകരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വൻദുരന്തത്തിലേയ്ക്കു നയിക്കാവുന്ന അപകടം ഒഴിവായത്.
ന്യൂ സൗത്ത് വെയിൽസിലെ കിംന ഹൗസ്‌കൂളിലെ 21 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കഴിഞ്ഞ ദിവസം രാവിലെ വിനോദ സഞ്ചാരത്തിനായി പുറപ്പെട്ടത്. യാത്ര കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ ബസിനുള്ളിൽ നിന്നു തീയും പുകയും ഉയർന്നിരുന്നതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ അധികൃതർ വ്യക്തമാക്കി.
അപായ സൂചന ലഭിച്ച അധ്യാപകർ ഉടൻ തന്നെ വിവരം സമീപത്തെ അഗ്നിശമന സേനാ അധികൃതരെ അറിയിക്കുകയും ചെയ്തു. അപായ സൂചന ലഭിച്ചതിനെ തുടർന്നു ഗില്ലിയാർഡ് അപ്പിൻ റോഡിലേയ്ക്കു വാഹനം ഓടിച്ചു കയറ്റിയാണ് ഡ്രൈവർ അപായം ഒഴിവാക്കിയത്. ഇതേ തുടർന്നു സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ചേർന്നു കുട്ടികളെയും അധ്യാപകരെയും വാഹനത്തിൽ നിന്നു പുറത്തെത്തിച്ചു.
ആളുകളൊഴിഞ്ഞ പ്രദേശമായതിനാൽ തന്നെ ഇവിടെ എത്തിച്ചേരുന്നതിനും കുട്ടികളെ അപകടത്തിൽ നിന്നു രക്ഷിക്കുന്നതും ഏറെ ശ്രമകരമായ ജോലിയായിരുന്നെന്നു ന്യൂ സൗത്ത് വെയിൽസ് പൊലീസ് അധികൃതർ വ്യക്തമാക്കുന്നു. ആർക്കും കാര്യമായ പരുക്കേൽക്കാതിരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ എത്തിച്ചു നൽകിയ പുതിയ കോച്ചിൽ വിദ്യാർഥികളും അധ്യാപകരും വിനോദ യാത്ര തുടരുകയും ചെയ്തു.