വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ശമ്പള പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍. എ.എസ്.ടി.ഐ-യുടെ 10,000 ത്തോളം അംഗള്‍ക്കിടയില്‍ നടത്തിയ ബാലറ്റ് അഭിപ്രായ വോട്ടെടുപ്പിലാണ് ഗവണ്മെന്റിന്റെ ശമ്പള പ്രൊപ്പോസല്‍ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനമായത്. നേരത്തെ ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് ഓര്‍ഗനൈസേഷനും (INTO) ഗവണ്മെന്റിന്റെ ശമ്പള പരിഷ്‌കരണത്തെ നിരാകരിച്ചിരുന്നു.
അതേസമയം എ.എസ്.ടി.ഐ യുടെ സഹോദര സംഘടനയായ ടീച്ചേര്‍സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് (TUI) ഗവണ്മെന്റിന്റെ വാഗ്ദാനത്തെ അനുകൂലിച്ചിരുന്നു. 2011-നു ശേഷം ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ക്ക് കുറഞ്ഞ വേതന നിരക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് വിവിധ അധ്യാപക യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പക്ഷപാതപരമായ അദ്ധ്യാപക ശമ്പള പരിഷ്‌കരണത്തെ ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ അടക്കമുള്ള സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2012-നു ശേഷമുള്ള സെക്കണ്ടറി അദ്ധ്യാപകരുടെ വേതന നിരക്ക് തുല്യമാകണമെങ്കില്‍ 70 മില്യണ്‍ യൂറോ ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍ ഇത്രയും തുക ചെലവിടാന്‍ തല്ക്കാലം നിവൃത്തിയില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നിലപാട് ആണ് യൂണിയനെ സമരത്തിലേക്ക് നയിക്കുന്നത്. കുട്ടികള്‍ക്ക് അനുവദിക്കുന്ന ചില സൗജന്യങ്ങള്‍ വെട്ടിക്കുറച്ചാല്‍ മാത്രമേ അദ്ധ്യാപകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുകയുള്ളു എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ ഇത്തരം വാദത്തെ അംഗീകരിക്കാന്‍ യൂണിയനുകള്‍ തയ്യാറല്ല. വേണ്ടി വന്നാല്‍ പഠിപ്പ് മുടക്കികൊണ്ട് തന്നെ അനിശ്ചിത കാലത്തേക്ക് സമരം തുടരുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. ഒരേ സമയത്ത് ഒരേ ജോലി ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ ശമ്പളം നല്‍കുന്ന അശാസ്ത്രീയ രീതി അവസാനിപ്പിച്ചില്ലെങ്കില്‍ സമരത്തിന് ഒരുങ്ങുമെന്ന് അദ്ധ്യാപക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് തുടര്‍ന്ന് വരുന്ന ഇത്തരം അസമത്വപരമായ കീഴ്വഴക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് എ.എസ്.ടി. പ്രസിഡന്റ് ബ്രെഡാ ലിഞ്ച് ആവശ്യപ്പെട്ടു.
കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ അദ്ധ്യാപകരുടെ സമരം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് അനിശ്ചിത കാലത്തേക്ക് പഠിപ്പ് മുടക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഈ വര്‍ഷവും തല്‍സ്ഥിതി തുടരുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അയര്‍ലന്റിലെ പ്രധാന മൂന്ന് അധ്യാപക സംഘടനകളില്‍ രണ്ട് പേരും ഗവണ്മെന്റിന്റെ ശമ്പള പ്രൊപ്പോസല്‍ അംഗീകരിക്കുന്നില്ല, ഇത് തുടര്‍ന്നാല്‍ അധ്യാപക സമരം ഉണ്ടാവുകയും വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കുമെന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് ലേബര്‍ സെനറ്റര്‍ ഒധാന്‍ ഒ’റിയോര്‍ഡെയ്ന്‍ വ്യക്തമാക്കി.