ഡബ്ലിന്‍: ജോലിക്കാരായ മാതാപിതാക്കളെ സംബന്ധിച്ച് കുട്ടികളുടെ സ്‌കൂള്‍ സമയം വലിയ പ്രശ്‌നം തന്നെയാണ്. ജോലി സ്ഥലത്തേക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളെ സ്‌കൂളില്‍ ഡ്രോപ്പ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ സ്‌കൂള്‍ സമയം ക്രമീകരിക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ പബ്ലിക് സ്‌കൂളുകള്‍ ആരംഭിക്കുന്നത് രാവിലെ 7.30 നും 8 നുമാണ്. എന്നാല്‍ അയര്‍ലന്‍ഡില്‍ 9.30 നു മുന്‍പാണ് സ്‌കൂളുകള്‍ തുറക്കേണ്ടത്. ക്ലാസ് സമയം നിശ്ചയിക്കാനുള്ള അധികാരം ബോര്‍ഡ് മാനേജ്‌മെന്റിനാണ്.
യൂറോപ്യന്‍ രാജ്യങ്ങളിലെ പൊതു സ്വഭാവം അനുസരിച്ച് സ്‌കൂള്‍ സമയം ക്രമീകരിക്കണമെന്ന സംഘടനകളുടെ ആവശ്യമാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. അയര്‍ലന്‍ഡില്‍ മാതാപിതാക്കളുടെ ജോലി സമയത്തില്‍ ഇളവുകള്‍ ഇല്ലാത്തതും സ്‌കൂളുകളില്‍ ഓണ്‍ സൈറ്റ് ചൈല്‍ഡ് കെയര്‍ ഇല്ലാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു. ആഫ്റ്റര്‍ സ്‌കൂള്‍ കെയറും ബിഫോര്‍ സ്‌കൂള്‍ കെയറും വലിയ ആര്‍ഭാട ചെലവാണ് മാതാപിതാക്കള്‍ക്ക് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ സമയം മുന്നോട്ടാക്കാനുള്ള നിര്‍ദേശം.
സ്‌കൂളുകളില്‍ ഓണ്‍ സൈറ്റ് ചൈല്‍ഡ് കെയര്‍ ആരംഭിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടത്തും. കോര്‍ക്കിലെ മൂന്നു സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഓണ്‍ സൈറ്റ് ചൈല്‍ഡ് കെയര്‍ സര്‍വീസിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓണ്‍ സ്‌കൂള്‍ ചൈല്‍ഡ് കെയര്‍ പദ്ധതി രാജ്യ വ്യാപകമാക്കാനും സ്‌കൂള്‍ പ്രവര്‍ത്തന സമയം പുനക്രമീകരിക്കാനുമാണ് നീക്കം.