സ്വന്തം ലേഖകൻ
ഡബ്ലിൻ:തങ്ങൾക്ക് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകുന്ന പരാതികൾ ഇനി മുതൽ സ്‌കൂളുകൾ പ്രസിദ്ധപ്പെടുത്തണമെന്ന് നിയമം. പുതിയ പാരന്റ് ആൻഡ് സ്റ്റുഡന്റ് ചാർട്ടർ പ്രകാരമാണ് ഇതെന്ന് വിദ്യാഭ്യാസമന്ത്രി റിച്ചാർഡ് ബ്രട്ടൺ തിങ്കളാഴ്ച അറിയിച്ചു. അടുത്ത വർഷം സെപ്റ്റംബറോടെ ഇത് പ്രാവർത്തികമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
പുതിയ ചാർട്ടർ പ്രകാരം എല്ലാ സ്‌കൂളുകളും തങ്ങൾക്ക് ലഭിച്ചിട്ടുള്ള പരാതികൾ അവയുടെ എണ്ണം സഹിതം പ്രസിദ്ധപ്പെടുത്തണം. പരാതികളിൽ എന്തൊക്കെ നടപടികളെടുത്തുവെന്നും വ്യക്തമാക്കണം. മുമ്പ് പരാതികൾ സ്‌കൂളുകളിൽ തീർപ്പാക്കുന്നതിനു പകരം വിദ്യാഭ്യാസ വകുപ്പിലേയ്ക്ക് നൽകുകയായിരുന്നുവെന്നും, ഇത് ശരിയായ മാതൃകയായി തോന്നുന്നില്ലെന്നും മന്ത്രി ബ്രട്ടൺ പറഞ്ഞു.
സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി എടുക്കുന്ന ഏതാനും നടപടികളിൽ ഒന്നു മാത്രമാണ് ഇതെന്ന് മന്ത്രി ബ്രട്ടൺ പറഞ്ഞു. സ്‌കൂൾ അഡ്മിഷൻസ് ബിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായി രജിസ്റ്റർ ചെയ്ത ടീച്ചർക്കെതിരെ ടീച്ചിങ് കൗൺസിലിൽ പരാതി നൽകാനും അവസരമുണ്ടാകും. പുതിയ ചാർട്ടർ പ്രകാരം ഇനി സ്‌കൂളിലെ ചെലവുകളിൽ രക്ഷിതാക്കളുമായി കൂടിയാലോചന നടത്തണം. സ്‌കൂളിന്റെ ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റുകൾ ഓരോ വർഷവും പബ്ലിഷ് ചെയ്യുകയും, ഇതിൽ സംഭാവനയായി ലഭിച്ചിട്ടുള്ള തുക കാണിക്കുകയും വേണം. കുട്ടികൾക്കായുള്ള ഓംബുഡ്‌സ്മാന്റെ ഇടപെടലുകളും വർദ്ധിപ്പിക്കും.