സെന്റ് ലൂയിസ് :ഇരുപത്തിയഞ്ചു വയസ്സിൽ ആറു കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന സീരിയല്‍ കില്ലർ പെരെസ് റീഡിനെ പോലീസ് അറസ്റ്റ് ചെയ്തതായി സെന്റ് ലൂയിസ് കൗണ്ടി പ്രോസിക്യൂട്ടിന് അറ്റോർണി വെസ്‌ലി ബെൽ നവംബര് 08 തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു ആയുധങ്ങള്‍ കൈവശം വെച്ച കുറ്റത്തിനാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മിസോറിയിലും കന്‍സസിലുമായി അടുത്തിടെ നടന്ന ആറ് കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാളെ ഇതുവരെ മറ്റൊരൂ കൊലപാതകക്കേസിലും അറസ്റ്റ് ചെയ്തിട്ടില്ല.
.
അതേസമയം എല്ലാ കുറ്റകൃത്യങ്ങളിലും ഉപയോഗിച്ചതായി കരുതുന്ന ആയുധവുമായാണ് ഇയാള്‍ ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. സെപ്റ്റംബറിനും ഒക്ടോബര്‍ അവസാനത്തിനും ഇടയില്‍ സെന്റ് ലൂയിസിലും പരിസര പ്രദേശത്തും കന്‍സാസ് സിറ്റിയിലും കന്‍സാസ് നഗരത്തിലുമാണ് അടുപ്പിച്ച് കൊലപാതകങ്ങള്‍ നടന്നത്.
16 മുതല്‍ 49 വയസ്സുവരെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകളാണ് – അവരില്‍ ചിലര്‍ ലൈംഗികത്തൊഴിലാളികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഇരയായ മാര്‍നെ ഹെയ്നെസിനെ സെപ്തംബര്‍ 13ന് സെന്റ് ലൂയിസ് കൗണ്ടിയിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം ഏറ്റവും പ്രായം കൂടിയ ഇരയായ പമേല അബെര്‍ക്രോംബിയെ സെന്റ് ലൂയിസില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
ഇതേ നഗരത്തില്‍ തന്നെ സെപ്തംബര്‍ 16 ന് കേസി റോസ് എന്ന 24കാരിയേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സെപ്തംബര്‍ 26ന് ഫെര്‍ഗൂസണില്‍ ലെസ്റ്റര്‍ റോബിന്‍സണ്‍ എന്ന നാല്‍പ്പതുകാരനേയും പ്രതി വെടിവെച്ചു കൊലപ്പെടുത്തി. അതേ മാസം തന്നെ കന്‍സാസ് സിറ്റിയില്‍ ഇരട്ടക്കൊലപാതകവും നടന്നു. ഒരേ ബില്‍ഡിംഗിലുള്ള രണ്ടുപേരെ അടുത്തടുത്ത ദിവസങ്ങളില്‍ കൊലപ്പെടുത്തുകയായിരുന്നു.
നവംബര്‍ ഒന്നിനാണ് 35 കാരനായ ഡാമണ്‍ ഇര്‍വിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 കാരനായ റൗഡജ ഫെറോയുടെ മൃതദേഹം അടുത്ത ദിവസം കണ്ടെത്തി. എല്ലാ കൊലപാതകങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് 40 കാലിബര്‍ സ്മിത്ത് & വെസണ്‍ പിസ്റ്റള്‍ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ സമയത്ത് പ്രതിയുടെ കൈവശം ഈ തോക്ക് ഉണ്ടായിരുന്നു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ബിഐ ടാസ്ക് ഫോഴ്‌സ് പ്രതിയെ പിന്തുടരുകയായിരുന്നുവെന്നും ഇന്‍ഡിപെന്‍ഡന്‍സ്, മോയില്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച്ച ഫസ്റ്റ് ഡിഗ്രി മുർഡർ ചാർജ് ചെയ്യപെട്ട റീഡിന് 2 മില്യൺ ബോണ്ട് അനുവദിച്ചതായി അറ്റോർണി വെസ്‌ലി ബെൽ പറഞ്ഞു