ദി ഓസ്ട്രേലിയ’ എന്ന പ്രമുഖ ഓസ്ട്രേലിയൻ ദിനപത്രം ശബരിമലയിലെ സ്ത്രീപ്രവേശനത്തേയും വിധിയേയും അതെത്തുടർന്നുള്ള ആക്രമണങ്ങളേയും വാർത്തയാക്കി. “മോദിയുടെ ഗുണ്ടകൾ’ ഹൈന്ദവ ക്ഷേത്രത്തിൽ സ്ത്രീകളെ തടയുന്നു” എന്നാണ് വാർത്തയുടെ തലക്കെട്ട്. സ്ത്രീകൾ അശുദ്ധരാണെന്ന വിശ്വാസമാണ് ശബരിമലയിലെ വിലക്കിന്റെ കാരണമെന്നും ഇതിനെ സംരക്ഷിക്കുന്ന നിലപാടാണ് തീവ്ര വലതുപക്ഷ നിലപാടുള്ള പ്രധാനമന്ത്രിയുടെ പാർട്ടി എടുക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
നേരത്തെ ഓൺലൈനിൽ എല്ലാവർക്കും വായിക്കാൻ കഴിഞ്ഞിരുന്ന ഈ വാർത്ത ട്രാഫിക് കൂടിയതോടെ ‘സബ്സ്ക്രൈബർ ഒൺലി’ ആക്കി മാറ്റിയിട്ടുണ്ട്.
ബിബിസിയുടെ വാർത്ത: ‘സ്ത്രീകളെ ക്ഷേത്രത്തിൽ കയറുന്നത് തടയുന്ന ഇന്ത്യൻ ദൈവം’ എന്നാണ് ബിബിസിയുടെ തലക്കെട്ട്. ചരിത്രപരമായ വിധി സുപ്രീംകോടതിയിൽ നിന്നുണ്ടായിട്ടും അക്രമ സമരങ്ങളിലൂടെ അത് നടപ്പാകുന്നത് തടയപ്പെടുകയാണെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ പതിനേഴാം തിയ്യതി ബ്രിട്ടിഷ് മാധ്യമമായ ദി ഗാർഡിയനും ശബരിമലയിലെ സമരം റിപ്പോർട്ട് ചെയ്തിരുന്നു.
പുരോഗമനപരമെന്ന് അറിയപ്പെടുന്ന, ജാതീയതയ്ക്കെതിരെ നിരവധി നവോത്ഥാനങ്ങൾ നടന്ന ഒരു സംസ്ഥാനത്ത് നടക്കുന്ന ഈ ആക്രമണങ്ങൾ ലിബറൽ മനോഭാവമുള്ള എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്ന് ദി ഗാർഡിയൻ പറയുന്നു. യുഎസ് മാധ്യമമായ സിഎൻഎന്നും ശബരിമലയിലെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളെ മാറ്റിനിർത്താൻ ഇന്ത്യൻ ക്ഷേത്രത്തില്‍ വിശ്വാസികൾ അക്രമത്തിലേക്ക് തിരിഞ്ഞെന്നാണ് ഇവരുടെ തലക്കെട്ട്.
മതവും സ്ത്രീകളുടെ അവകാശവും ഏറ്റുമുട്ടുന്ന ഇന്ത്യൻ ക്ഷേത്രമെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ട്. ശബരിമലയിൽ റിപ്പോർട്ട് ചെയ്യാനെത്തി അയ്യപ്പവേഷധാരികളുടെ തെറിവിളി കേട്ട് തിരിച്ചുപോയ സുഹാസിനി രാജും കെയ് ഷൂൾട്സും ചേർന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.