മക്കയെ ലക്ഷ്യമിട്ട ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു.ശക്തമായ തിരിച്ചടി കൊടുക്കുമെന്ന് സൗദി

ഇസ്ലാംമത വിശ്വാസികളുടെ പുണ്യഭൂമിയായ മക്കയ്ക്കു നേരെവന്ന ഹൂതി മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു. അറബ് സഖ്യസേനയുടെ തക്കസമയത്തെ ജാഗ്രതയാണു വന്‍ദുരന്തം ഇല്ലാതാക്കിയത്. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേന തകര്‍ത്തത്. മക്കയില്‍നിന്നും 65 കിലോമീറ്റര്‍ മാത്രം അകലെ വച്ച് മിസൈല്‍ തകര്‍ക്കുകയായിരുന്നുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗം അറിയിച്ചു.

വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് ആക്രമണം ഉണ്ടായത്. യെമനിലെ സആദ പ്രവിശ്യയില്‍ നിന്നാണു മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ വരുന്നുണ്ടെന്ന് മനസിലാക്കിയ അറബ് സേന ഇതു തകര്‍ക്കുകയായിരുന്നു. മക്കയില്‍നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സആദ സ്ഥിതി ചെയ്യുന്നത്.
അതേസമയം, ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള സാങ്കേതികവിദ്യയില്‍ ഹൂത്തികള്‍ക്കു പരിശീലനം നല്‍കുന്നത് ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി അറിയിച്ചു. മാത്രമല്ല, ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അസീരി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലിസ്റ്റിക് മിസൈലായ ബുര്‍കാന്‍ 1 ആണ് സൗദി അറേബ്യയിലേക്കു വിട്ടതെന്ന് ഹൂതി വിമതര്‍ സ്ഥിരീകരിച്ചു. അതേസമയം, മക്ക ആയിരുന്നില്ല ലക്ഷ്യ സ്ഥാനമെന്നും തിരക്കേറിയ വിമാനത്താവളമായ ജിദ്ദയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നുമാണ് അവര്‍ പറയുന്നത്.യമനിലെ ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യ സേന ആക്രമണം നടത്തിവരികയാണ്. ഇതിനുള്ള പ്രതികാരമെന്നോണമാണ് ഹൂതികള്‍ സൗദിക്കു നേരെ മിസൈല്‍ പ്രയോഗിച്ചത്.

Top