ബിജു കരുനാഗപ്പള്ളി
അബുദാബി: യു.എ.ഇയുടെ പുരോഗതിയില്‍ വിദേശ തൊഴിലാളികളുടെ കഠിനാധ്വാനം അവിസ്മരണീയവും വിവരണാതീതവുമാണെന്ന് യു.എ.ഇ സാംസ്‌കാരിക-വൈജ്ഞാനിക വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍. ലോക തൊഴിലാളി ദിനാചരണ ഭാഗമായി യു.എ.ഇ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പിറന്ന നാടും ഉറ്റവരെയും വിട്ടു പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന തൊഴിലാളികള്‍ ഞങ്ങളുടെ അതിഥികളും സഹോദരങ്ങളുമാണ്. നിങ്ങളുടെ കഠിനാധ്വാനമാണ് ഈ രാഷ്ട്രത്തെ മനോഹരമായ പൂങ്കാവനമാക്കിയത്. ഇത് നിങ്ങളുടെ രണ്ടാം രാജ്യമാണ്.
നിങ്ങളുടെ ആത്മാര്‍ത്ഥതയും വിയര്‍പ്പൊഴുക്കിയ നാളുകളും ഇല്ലായിരുന്നുവെങ്കില്‍ ഈ രാജ്യം ഇത്രയേറെ പുരോഗനമപരമാവില്ലായിരുന്നു. വിദേശ തൊഴിലാളികളുമായുള്ള സ്‌നേഹവും സൗഹൃദവും യു.എ.ഇ ജനതക്ക് വിസ്മരിക്കാനാവില്ല. പതിറ്റാണ്ടുകളുടെ സൗഹൃദം മാത്രമല്ല പൈതൃക ബന്ധവും ഏറെ ആഴത്തിലുള്ളതാണ്” -വികാരാധീനനായി അദ്ദേഹം പറഞ്ഞു.
പരസ്പരമുള്ള വിശ്വാസവും തരിച്ചറിവുമാണ് നമ്മെ വിജയത്തിലേക്ക് നയിച്ചത്. ഇത് നിങ്ങളുടെ വെറുമൊരു തൊഴിലിടമല്ല, മറിച്ച് നമ്മുടെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പരിപാവന ഭൂമി കൂടിയാണ്. കുടുംബത്തെ പിരിഞ്ഞിരിക്കുന്ന നിങ്ങള്‍ ഈ രാജ്യത്തിലെ ഓരോ പൗരന്റെയും സഹോദരങ്ങളാണ്.
ഈ രാജ്യത്തെ ഇത്രയേറെ മഹത്തായ ഉന്നതിയിലേക്കെത്തിക്കുന്നതില്‍ പങ്കാളികളായ നിങ്ങളോടൊപ്പം ഇവിടെ ഒന്നിച്ചിരിക്കാനും നേര്‍ക്കുനേര്‍ സ്‌നേഹം പങ്കു വെക്കാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ശൈഖ് സായിദിന്റെ യു.എ.ഇ നമ്മെ സംഗമിപ്പിക്കുന്നു’ എന്ന സന്ദേശവുമായാണ് ഇദംപ്രഥമമായി ആഗോള തൊഴിലാളി സംഗമം സംഘടിപ്പിച്ചത്. യു.എ.ഇ യിലുള്ള വിദേശ തൊളിലാളികളുടെ രാജ്യങ്ങളുടെ ഭൂപടം ചേര്‍ത്ത് തയാറാക്കിയ പ്രത്യേക തൊഴിലാളി സംഗമ ലോഗോ മന്ത്രി ശൈഖ ലുബ്‌ന അല്‍ ഖാസിമി പ്രകാശനം ചെയ്തു. മനുഷ്യ വിഭവ-ഇമാറാത്തീകരണ മന്ത്രി സഖ്ര്‍ ഗൊബാഷ് സഈദ് ഗൊബാഷ്, ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം തുടങ്ങിയ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ലുലു ഗ്രൂപ് ചെയര്‍മാന്‍ യൂസുഫലി എം.എ, എന്‍.എം.സി ഗ്രൂപ് മാനേജിംഗ് ഡ യറക്ടര്‍ ഡോ. ബി.ആര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് പി.ബാവ ഹാജി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. തൊഴിലാളികളുടെ വൈജ്ഞാനിക പരീക്ഷണം സംബന്ധിച്ച് വിവിധ ചോദ്യങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അരങ്ങേറി. യാസ് ഐലന്റിലെ തൊഴിലാളി ആസ്ഥാനത്ത് നടന്ന വര്‍ണ ശബളായ ചടങ്ങില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ സന്നിഹിതരായിരുന്നു.
വിദേശ തൊഴിലാളികളെ ആദരിക്കാനും അവരുടെ നൈസര്‍ഗിക വാസനകള്‍ പരിപോഷിപ്പിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത യു.എ.ഇ തങ്ങളുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ക്കുകയായിരുന്നു. വിവിധ രാജ്യക്കാരുടെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളും അവിസ്മരണീയ കാഴ്ചകളും തൊഴിലാളി സംഗമത്തെ വേറിട്ട അനുഭവമാക്കി മാറ്റി. ഏറ്റവും താഴേക്കിടയിലുള്ള തൊഴിലാളികളെ വേദിയില്‍ വിളിച്ചു വരുത്തി അവരുമായി ചിത്രമെടുക്കാനും സന്തോഷം പങ്കു വെക്കാനും രാജ്യത്തിന്റെ മൂന്ന് മന്ത്രിമാര്‍ തയാറായത് തൊഴിലാളികള്‍ക്ക് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.