‘ശൈഖ് സായിദ് പകരക്കാരനില്ലാത്ത കർമയോഗി’

അബുദാബി: യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് പകരം വെക്കാനില്ലാത്ത കർമയോഗിയായിരുന്നുവെന്ന് യു എ ഇ പ്രസിഡന്റിന്റെ റമസാൻ അതിഥിയും സുന്നീ യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായ പേരോട് അബ്ദുർറഹ്മാൻ സഖാഫി പ്രസ്താവിച്ചു.
അബുദാബി നാഷനൽ തിയേറ്ററിൽ റമസാൻ പ്രഭാഷണത്തിൽ ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശൈഖ് സായിദ് ജീവിതകാലം മുഴുവൻ സത്കർമങ്ങൾക്ക് വേണ്ടി മാറ്റിവെച്ചു. പാവപ്പെട്ടവന്റെ അത്താണിയായിരുന്നു. രാജ്യത്തിന്റെ അതിർവരമ്പുകൾ നോക്കാതെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് കോടികളുടെ ധന സഹായമാണ് നൽകിയത്. ഇസ്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്. പരിപൂർണ മുസ്‌ലിം നാവ് കൊണ്ടോ മറ്റു അവയവങ്ങൾ കൊണ്ടോ ഒരാളെയും ഉപദ്രവിക്കില്ല. ഒരു മുസ്‌ലിം നന്മകൊണ്ടാണ് തെറ്റിനെ പ്രതിരോധിക്കേണ്ടത്. വർഗീയതയോ തീവ്രവാദമോ ഭീകരവാദമോ ഇസ്‌ലാമിന്റെ ആശയമല്ല. പ്രവാചക ചര്യ ശാന്തിയും സമാധാനവുമാണ്. മഹാന്മാരായ പണ്ഡിതന്മാർ കാണിച്ചുതന്ന പാതയിൽ ഇസ്‌ലാമിനെ മനസ്സിലാക്കണം. അത്ഭുതങ്ങൾ കാണിച്ച് ഇല്ലാത്ത വചനങ്ങൾ പറഞ്ഞ് ഇസ്‌ലാമിനെ വിവരിക്കുന്നവരുണ്ട്. അത്ഭുതം കാണിച്ച് ജനങ്ങളെ വഴിപിഴപ്പിക്കുകയാണ് ഒരു സമൂഹം. ഖുർആൻ വചനങ്ങൾ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ചിലർ വ്യാഖ്യാനിക്കുകയാണ്. പാരമ്പര്യമായി പണ്ഡിതന്മാരും പൂർവീകരും കാണിച്ചുതന്ന പാതയിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കണം.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഈ വർഷം വായനാവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വായനയാണ് മനുഷ്യന് അറിവും സംസ്‌കാരവും പകരുന്ന പ്രധാന വഴി. അത് കൊണ്ട്തന്നെ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ച വായനാ കാമ്പയിൻ സമൂഹത്തിനുള്ള ഏറ്റവും വലിയ സമ്മാനമാണഅ. ഫലവത്താകുന്നത് വായിക്കണമെന്നും പേരോട് വ്യക്തമാക്കി.
ഐ സി എഫ് ദേശീയ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഹസൻ മുസ്‌ലിയാർ വയനാട്, പി വി അബൂബക്കർ മൗലവി, ശൈഖ് ഫായിദ് മുഹമ്മദ് സഈദ്, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ബാവ ഹാജി, അലവി സഖാഫി കൊളത്തൂർ, ഹമീദ് ഈശ്വരമംഗലം, ഉസ്മാൻ സഖാഫി തിരുവത്ര തുടങ്ങിയവർ സംബന്ധിച്ചു.
Top