സിഡ്‌നി: സിക്ക വൈറസ് ഭീതിയിൽ രാജ്യങ്ങൾ ഭയപ്പെടുമ്പോൾ ഭീതി വേണ്ടെന്ന സമാധാന സന്ദേശവുമായി ആസ്‌ട്രേലിയൻ ആരോഗ്യ വകുപ്പ്. രാജ്യത്തെ രണ്ടു പൗരൻമാരിൽ സിക്കാ ബാധ കണ്ടെത്തിയിട്ടുണ്ടെങ്കിലും, സിക്കാ പരത്തുന്ന കൊതുകളെ രാജ്യത്തു കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന ആശ്വാസ സന്ദേശമാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്നത്. ഇത് സാധാരണക്കാരായ ജനങ്ങൾക്കു ആശ്വാസം പകരുന്ന റിപ്പോർട്ടാണ്.
കരീബിയയിൽ നിന്നു തിരിച്ചെത്തിയ രണ്ടു പേർക്കു രാജ്യത്തു സിക്കാ വൈറസ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം രാജ്യത്ത് സിക്കാ വൈറസ് ബാധിച്ചവരെ കർശന നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെ നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ തന്നെ രോഗം പരക്കാനുള്ള സാധ്യത വളരെ കുറവാണെന്ന നിരീക്ഷണമാണ് കമ്മ്യൂണിക്കേറ്റീവ് ഡിസീസ് വിഭാഗം സർക്കാരിനു നൽകിയിരിക്കുന്ന റിപ്പോർട്ട്. 2014 ൽ കുക്ക് ഐലൻഡിൽ യാത്ര ചെയ്തു തിരിച്ചെത്തിയ ആൾക്കും, 2015 ൽ സോളമൻ ഐലൻഡിലേയ്ക്കു യാത്ര ചെയ്ത ശേഷം തിരികെ എത്തിയ ആൾക്കുമാണ് സിക്കാ വൈറസ് കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
രോഗബാധ രൂക്ഷമായിട്ടുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തി തിരികെ എത്തുന്നവർക്കാണ് രോഗബാധ കൂടുതലായി കണ്ടു വരുന്നത്. എന്നാൽ, ഇത്തരത്തിൽ രോഗബാധ കണ്ടെത്തുന്നവരെ വിമാനത്താവളത്തിൽ തന്നെ പരിശോധനയ്ക്കു വിധേയമാക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഗർഭിണികളായ സ്ത്രീകളും, ഉടൻ ഗർഭം ധരിക്കാൻ സാധ്യതയുള്ള സ്ത്രകളും സിക്കാ വൈറസ് ബാധ്യതയുള്ള രാജ്യങ്ങളിൽ സന്ദർശം നടത്തരുതെന്നു ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി.