ദുബൈ: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് ബ്രേസ്‌ലെറ്റുകളുമായി അധികൃതര്‍. കുഞ്ഞുങ്ങളെ കാണാതാകുന്ന സാഹചര്യങ്ങളില്‍ അവരെ എളുപ്പം കണ്ടെത്താനും അപകട സാഹചര്യങ്ങളുണ്ടെങ്കില്‍ മനസ്സിലാക്കാനും സഹായിക്കുന്നതാണിത്. ആഭ്യന്തരമന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ഗവണ്‍മെന്റ് പ്രോഗ്രാമിലെ ഹിമായതി പദ്ധതിയുടെ ഭാഗമായാണ് ബ്രേസ്ലെറ്റുകള്‍ ഇറക്കിയിരിക്കുന്നത്.
എന്തെങ്കിലും സാഹചര്യത്തില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികള്‍ക്ക് ബ്രേസ്‌ലെറ്റിലെ നിശ്ചിത ബട്ടണ് അമര്‍ത്തി രക്ഷിതാക്കളെ വിവരം അറിയിക്കാനാകും. കുട്ടിയുമായി ആശയവിനിമയം നടത്താനും കുട്ടിയുടെ ഹൃദയമിടിപ്പ് പരിശോധിക്കാനും സുരക്ഷിതനാണോ എന്ന് അറിയാനും സ്മാര്‍ട്ട് സംവിധാനം സഹായിക്കും. കുട്ടി എവിടെയാണുള്ളത്, ബ്രേസ്‌ലെറ്റ് നീക്കം ചെയ്യാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അറിയാനാകും. നാല് മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഹിമായതി ബ്രേസ്‌ലെറ്റുകള്‍ രംഗത്തിറക്കിയതെന്ന് സ്മാര്‍ട്ട് ഗവണ്‍മെന്റ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ലെഫ്. കേണല്‍ ഫൈസല്‍ മുഹമ്മദ് അല്‍ ഷിമ്മാരി പറഞ്ഞു. ഇതിനകം 30,000 പേര്‍ ബ്രേസ്‌ലെറ്റിന് ഗുണഭോക്താക്കളായി എത്തിയതായും അദ്ദേഹം വ്യക്തമാക്കി