ചേര്‍ത്തല – അണികള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയ രൂപീകരിക്കുമെന്നു വെള്ളാപ്പള്ളി നടേശന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തിന്റെ പരമോന്നത സമിതിയാണ് എടുക്കേണ്ടത്. തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന ചുമതല മാത്രമാണ് തനിക്കുള്ളത്. അക്കാര്യത്തില്‍ യോഗം പിന്നോട്ടു പോകില്‌ളെന്നും ആരുടെ മുന്നിലും മുട്ടുകുത്തില്‌ളെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണമെന്ന് പറയാന്‍ താന്‍ ആളല്ല. രാഷ്ട്രീയ പാര്‍ട്ടി വേണ്ട എന്നത് വ്യക്തിപരമായ അഭിപ്രായമാണ്. യോഗം തീരുമാനമെടുത്താല്‍ അതിനെ അംഗീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും സംഘടനാ കാര്യങ്ങളും ഇന്നത്തെ ഭാരവാഹി യോഗം ചര്‍ച്ച ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തിന്റെ കൂട്ടായ്മക്ക് വേണ്ടി ജാഥ, സമ്മേളനം അടക്കമുള്ള എന്തും നടത്താന്‍ തയാറാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമാണ് എസ്.എന്‍.ഡി.പിയുടെ അജണ്ട. കേരളത്തിലെ അസംതൃപ്തരായ ഒരു വിഭാഗത്തിന്റെ മുന്നേറ്റമാണ് വേണ്ടത്. ഇതിനുള്ള എല്ലാവിധ പോരാട്ടങ്ങളും നടത്തി കൊണ്ടിരിക്കും. ഇപ്പോഴും ചിലര്‍ തങ്ങളെ അടിയാന്മാരായി കാണുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്.എന്‍.ഡി.പിക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപജാപക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി എസ്.എന്‍.ഡി.പി യോഗം തള്ളികളഞ്ഞവരെ ഉപയോഗിക്കുന്നു. എസ്.എന്‍.ഡി.പിയെ തകര്‍ക്കാര്‍ പല രൂപത്തിലും ഭാവത്തിലും ഇടതു വലത് പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ട്. അതിനെ അതിജീവിച്ചു പോകാനുള്ള കരുത്ത് സംഘടനക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മതനേതാക്കള്‍ക്ക് പാദസേവ ചെയ്യുകയാണ് സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍. ഇത്തരം അടവു തന്ത്രങ്ങള്‍ കാണിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. സമ്പത്ത് ഉണ്ടാക്കുക, അധികാരത്തില്‍ ഇരിക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇരു മുന്നണികളും എസ്.എന്‍.ഡി.പിക്ക് ഒരു ഗുണവും ചെയ്തിട്ടില്‌ളെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.