സാമൂഹ്യ തിന്മകള്‍ക്കെതിരെ ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടണം : ആന്റി സ്‌മോക്കിംഗ് സൊസൈറ്റി

ദോഹ. പുകവലി, മദ്യം, മയക്കുമരുന്ന് ഉപഭോഗം തുടങ്ങി സമൂഹത്തിന് വൈവിധ്യമാര്‍ന്ന വെല്ലുവിളികളുയര്‍ത്തുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെ ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് ഖത്തറിലെ സന്നദ്ധ സംഘമായ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. സമൂഹത്തില്‍ ആരോഗ്യപരവും കുടുംബപരവും ധാര്‍മികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സാമൂഹ്യ തിന്മകള്‍ വളരുന്നത് ക്രിയാത്മകമായി പ്രതിരോധിക്കുവാന്‍ നിയമപരമായ ഇടപെടലുകള്‍ക്കപ്പുറം ജനകീയ കൂട്ടായ്മയുടെ അവസരോചിതമായ ഇടപെടലുകള്‍ക്ക് സാധിക്കുമെന്ന് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി അഭിപ്രായപ്പെട്ടു. ലഹരി ഉപഭോഗം ലോകത്തെമ്പാടും ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ അതില്‍ നിന്നും മുഖം തിരിക്കുവാന്‍ സാമൂഹ്യ ബോധമുള്ള ആര്‍ക്കും സാധ്യമല്ല. നമ്മുടെ പരിസരങ്ങളും ലഹരിയുടെ തീരാശാപങ്ങളേറ്റുവാങ്ങാതിരിക്കണമെങ്കില്‍ കൂട്ടായ പരിശ്രമങ്ങള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ സാമൂഹ്യ തിന്മകള്‍ക്കെതിരിലും പൊതുജനവികാരം സ്വരൂപിക്കുവാന്‍ ഏറ്റവും അനുഗുണമായ സമയമാണ് റമദാന്‍. തിന്മകളെ പ്രതിരോധിക്കുന്ന ഈ പരിച ഫലപ്രദമായി വിനിയോഗിക്കുവാന്‍ നാം ശ്രദ്ധിക്കണം. തിന്മകള്‍ വെടിയുക മാത്രമല്ല തിന്മകള്‍ക്കെതിരെ പൊതുതാനുമുള്ള പ്രതിജ്ഞകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരി പദാര്‍ഥങ്ങള്‍ മാനവരാശിക്ക് സാമ്പത്തികവും ആരോഗ്യപരവും സാമൂഹികവും ധാര്‍മികവും നിയമപരവുമായ വെല്ലുവിളികളാണ് ഉയര്‍ത്തുന്നതെന്ന് ലഹരി വിരുദ്ധ ദിന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ആന്റി സ്‌മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ് പറഞ്ഞു. ലഹരിയുടെ പിടിയിലമര്‍ന്നവരെ മോചിപ്പിച്ച് യഥാര്‍ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമേറ്റെടുക്കുവാന്‍ സമൂഹം തയ്യാറാവണം. ശക്തമായ ബോധവല്‍ക്കരണ പരിപാടികളും കൗണ്‍സിലിംഗും ഗുണകാക്ഷയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ആവശ്യം.

PHOTO 2 DRUG DAY PRESS MEETകേരളത്തിലും ഗള്‍ഫിലും ലഹരി ഉപഭോഗത്തില്‍ മലയാളികളുടെ അവസ്ത അപകടകരമാണ്. ഈ രംഗത്ത് ഓരോരുത്തരും ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും സവിശേഷമായ ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശാസ്ത്രീയമായ ഇടപെടലുകളുമാണ് ആവശ്യം.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഖത്തറില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും പൊതുജനങ്ങളിലുമൊക്കെ വമ്പിച്ച സ്വാധീനമുണ്ടാക്കിയതായി സൊസൈറ്റി സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. പുകവലിയും മദ്യവും മയക്കുമരുന്നുകളുമൊക്കെ സാമൂഹ്യ തിന്‍മകളാണെന്നും ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി അണി നിരക്കണമെന്നുമുള്ള ബോധം സൃഷ്ടിക്കുവാന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ട്. ലഹരിയുടെ വെല്ലുവിളികളെ അതിജീവിക്കുവാന്‍ കൂടുതല്‍ പ്രായോഗിക നടപടികളാണ് ആവശ്യം. ലഹരി മാഫിയ പ്രവാസികളുടെ കുട്ടികളേയും കുടുംബങ്ങളേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള തന്ത്രങ്ങളാണ് നാട്ടില്‍ പ്രയോഗിക്കുന്നത്. ഓരോ പ്രവാസിയും ഈ രംഗത്ത് വലിയ ജാഗ്രത കൈകൊള്ളണം. ഗള്‍ഫിലേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന ലോബിയും വളരെ ശക്തമാണ്. പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുന്ന ഇത്തരം ലോബികളെ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോട്ടോ 1. ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സി.ഇ.ഒ അമാനുല്ല വടക്കാങ്ങര സംസാരിക്കുന്നു. പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ്, ചെയര്‍മാന്‍ ഡോ. എം.പി ഹസന്‍ കുഞ്ഞി, കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ സമീപം.

ഫോട്ടോ 2 . ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍കുഞ്ഞി സംസാരിക്കുന്നു. പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ്, സി. ഇ.ഒ. അമാനുല്ല വടക്കാങ്ങര, കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ സമീപം.

Top