സ്വന്തം ലേഖകൻ
ഡബ്ലിൻ: സാമൂഹിക പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ അയർലൻഡ് ഏറെ പിന്നിലെന്നു റിപ്പോർട്ടുകൾ. അമേരിക്കയും അയർലൻഡുമാണ് ക്ഷേമപെൻഷനുകളുടെ കാര്യത്തിൽ പിശുക്കു കാട്ടുന്ന രണ്ടു രാജ്യങ്ങളെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എമ്പ്‌ലോയർ കമ്പാരിസൺ ഗ്രൂപ്പായ ഗ്ലാസ്‌ഡോർ ലോക വ്യാപകമായി നടത്തിയ പഠനത്തിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിലും വിതരണം ചെയ്യുന്നതിലുംഏറ്റവും പിശുക്ക് കാട്ടുന്ന അമേരിക്കയ്ക്ക് തൊട്ടു മുകളിലാണ് അയർലണ്ടിന്റെ സ്ഥാനം.ഡെൻമാർക്ക്,ഫ്രാൻസ്,സ്‌പെയിൻ,എന്നി രാജ്യങ്ങളാണ് വെൽഫയറിന്റെ കാര്യത്തിൽ ഉദാര സമീപനം സ്വീകരിക്കുന്നത്..ഇവരെ അപേക്ഷിച്ച് സ്വിസ്സ്ര്!ലണ്ട്,ബ്രിട്ടൻ എന്നി വികസിതരാജ്യങ്ങളാവട്ടെ സോഷ്യൽ വെൽഫയർ നൽകുന്നതിൽ ഏറെ പിന്നിലാണ്. അയർലണ്ടിലെ വെൽഫയർ സംവിധാനത്തിൽ അടുത്തകാലത്തുണ്ടായ കുറവ് അമ്പരപ്പിക്കുന്നതാണ്.ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരുന്ന അയർലണ്ടിലെ ജനങ്ങൾക്ക് അവയൊക്കെ നിലനിൽക്കെ തന്നെയാണ് കഴിഞ്ഞ എട്ടു വർഷക്കാലത്തിനിടയിൽ വെൽഫയർ ബെനഫിറ്റുകൾ ജീവിത ചിലവിന് അനുസരിച്ചു വർദ്ധിക്കാതിരുന്നത്.സിക്ക് ലീവ് അടക്കമുള്ളവ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ജോബ് സീക്കർ അലവൻസ് അയർലണ്ടിൽ ആഴ്ച്ചയിൽ വെറും 188 യൂറോയാണ്.ഡെൻമാർക്കിൽ ഇത് ഏറ്റവും അവസാനം ജോലി ചെയ്ത സമയത്തെ ആഴ്ചവരുമാനത്തിന്റെ 90 % ലഭിക്കും.ഫിനഗേൽ പാർട്ടി അവരുടെ ഇലക്ഷൻ പ്രകടന പത്രികയിൽ ജോബ് സീക്കിങ് അലവൻസ് ആദ്യകാലയളവിൽ 225 യൂറോ വരെയാക്കി വർദ്ധിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സിക്ക് ലീവിന്റെയും മെറ്റേണിറ്റി ലീവിന്റെയും കാര്യത്തിലും യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിലവാരപ്പട്ടികയിൽ അയർലണ്ടും ഉൾപ്പെടും. അതേ സമയം നിരവധി ആനുകൂല്യങ്ങളുടെ കുറവുണ്ടെങ്കിലും,ഡബ്ലിൻ ഒഴികെയുള്ള പ്രദേശങ്ങളിലെ ജിവിത ചിലവിന്റെ കുറവും,വരുമാനത്തിലെ ഉയർന്ന വിതരണവും ഇത്തരം കുറവുകളെ അതിജീവിക്കാൻ അയർലണ്ടിനെ സഹായിക്കുന്നു എന്നതാണ് യാഥാർഥ്യം.എങ്കിലും വെൽഫയർ തട്ടിപ്പുകൾ വർദ്ധിച്ച സാഹചര്യത്തിൽ അധികൃതരും ശക്തമായ സ്‌ക്രീനിംഗ് മാർഗങ്ങൾ സ്വീകരിച്ചത് ആനുകൂല്യങ്ങളുടെ അളവു കുറയുന്നതിലേയ്ക്കും സാഹചര്യമൊരുക്കി. നാലംഗങ്ങളുള്ള കുടുംബത്തിൽ ആരും തന്നെ തൊഴിലുള്ളവരായി ഇല്ലെങ്കിൽ അവർക്ക് റെന്റ് സപ്ലിമെന്റടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാരിൽ നിന്നും ലഭിക്കും. തൊഴിലന്വേഷകർക്ക് ലഭിക്കുന്ന സഹായങ്ങൾ, ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സഹായങ്ങൾ, ഇന്ധന അലവൻസ്,ഇങ്ങനെ തുടരുന്ന സഹായങ്ങളിലൂടെ ഒരു തൊഴിലും ഇല്ലാത്ത കുടുംബത്തിന് ഐറിഷ് സർക്കാർ 33,185യൂറോയാണ് വർഷം തോറും സാമൂഹ്യ ക്ഷേമ അലവൻസുകളിലൂടെ നൽകുന്നത് അതേസമയം ഇവരിൽ ഒരാൾക്ക് മിനിമം വേജ് ലഭിക്കുന്ന ജോലി ഉണ്ടെങ്കിൽ അവരുടെ വാർഷിവരുമാനം വെറും29,164 യൂറോ മാത്രമായിരിക്കും. അപ്പോൾ തൊഴിലിനൊന്നും പോകാത്ത കുടുംബത്തിന് 4000യൂറോയുടെ അധിക വരുമാനം സോഷ്യൽ വെൽഫെയർ വരുമാനത്തിൽ നിന്ന് ലഭിക്കുന്നുണ്ട്.’ അൽപ്പം ഉള്ളവനിൽ നിന്നും നിന്നും ഉള്ളത് കൂടി ടാക്‌സായി എടുത്തു ഇല്ലാത്തവന് കൊടുക്കാനായി ക്രമീകരിച്ചിരിക്കുകയാണ് ഇവിടുത്തെ നിയമം. അയർലണ്ടിൽ മിനിമം വേജ് തൊഴിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വാർഷിക വരുമാനമാണ് തൊഴിൽ രഹിതനായ ഒരാൾക്ക് ലഭിക്കുന്നത്.കുടുംബത്തിൽ ഒരംഗത്തിന് മിനിമം വേജ് ലഭിക്കുന്ന ജോലി ഉണ്ടെങ്കിൽ സോഷ്യൽ വെൽഫെയർ സഹായമായി ലഭിക്കുന്ന ബഹുഭൂരിപക്ഷം ആനുകൂല്യങ്ങളും നഷ്ട്ടപ്പെടും. ജോലിയില്ലാത്ത കുടുംബത്തിന് 33185 യൂറോ കിട്ടുമ്പോൾ ഒരാൾക്ക് മിനിമം വേജ് ജോലിയുള്ള കുടുംബത്തിനു ലഭിക്കുന്നത് 29,164 യൂറോ ! പൂർണ്ണ സോഷ്യൽവെൽഫയർ ആനുകൂല്യങ്ങൾ കിട്ടുന്നവരെക്കാൾ 4000യൂറോ വരെ വർഷത്തിൽ കുറവ്.കുറഞ്ഞ വേതനത്തിലുള്ളതായാൽപ്പോലും ഒരു തൊഴിലിനും ശ്രമിക്കാതെ ദാരിദ്ര്യവും പറഞ്ഞ് രാജ്യത്തിന്റെ സഹായധനങ്ങൾ സ്വീകരിക്കുകയാണ് പലരും ചെയ്യുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഒരാൾക്കെങ്കിലും തൊഴിലുള്ള കുടുംബത്തിന് വാർഷികവരുമാനം 17,414യൂറോ വരികയാണെങ്കിൽ റെന്റ് സപ്ലിമെന്റ് ലഭിക്കുകയില്ല. മറ്റു സഹായധനങ്ങൾ ലഭിച്ചാലും മോർട്ട്‌ഗേജിൽ കുടുങ്ങുകയാണെങ്കിൽ പകുതിയോളം ചിലവുകൾ അത്തരത്തിൽ പോവുകയും ചെയ്യും. 82,000ത്തിൽപ്പരം വീട്ടുകാർക്ക് ഇപ്പോൾ കൂടിയത് 823യൂറോയോളം പ്രതിമാസം റെന്റ് സപ്ലിമെന്റ് നൽകിവരുന്നുണ്ട്.
ഇത് വർഷക്കണക്കനുസരിച്ചുനോക്കിയാൽ ഏതാണ്ട് 10,000യൂറോയെങ്കിലും ഇത്തരത്തിൽ ഒരു കുടുംബത്തിന് ലഭിക്കുന്നുണ്ട്. സാമൂഹികക്ഷേമവകുപ്പിന്റെ സഹായങ്ങൾ ഒരാൾ ജോലിചെയ്യുന്ന ഒരു കുടുംബത്തിലേക്ക് എത്തിച്ചേരണമെങ്കിൽ വളരെ കടുപ്പമേറിയ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കുത്തഴിഞ്ഞ ആനുകൂല്യ വിതരണം നിർത്തലാക്കാത്തിടത്തോളം കാലം ഈ രാജ്യം നന്നാകില്ലെന്നു അവസാനം സർക്കാരിന് ബോധ്യമായി തുടങ്ങിയതോടെയാണ് ആനുകൂല്യങ്ങൾ പരിശോധിക്കാനുള്ള കർശന നടപടികൾ സർക്കാർ സ്വീകരിച്ചു തുടങ്ങിയത്. ചൈൽഡ് ബെനഫിറ്റ് കൃത്യമായി വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വർഷത്തിൽ രണ്ടു തവണയും ,മറ്റെല്ലാ ക്ഷേമപദ്ധതികൾക്കും ഒരു തവണയെങ്കിലുവും പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ഏതെങ്കിലും ക്ഷേമ പദ്ധതികൾ ദുരുപയോഗിക്കുന്നുണ്ടെങ്കിൽ ജയിൽ ശിക്ഷ അടക്കമുള്ള നിയമ നടപടികളാണ് അത്തരക്കാരെ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം എട്ടുശതമാനത്തോളം തൊഴിലില്ലാത്ത ആളുകൾ പല മേഖലകളിലായി തൊഴിലിൽ പ്രവേശിച്ചപ്പോൾ അവർക്ക് പണനഷ്ടമാണ് ഉണ്ടായതത്രേ ! പലർക്കും റെന്റ് സപ്ലിമെന്റ് പോലും ലഭിക്കാതെയുമായതായാണ് ഇകണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഇഎസ്ആർഐ) നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. മെഡിക്കൽ കാർഡുകളുടെ സഹായങ്ങൾ വെട്ടിച്ചുരുക്കാനും സർക്കാർ കഴിഞ്ഞ ബജറ്റിൽ പദ്ധതിയിട്ടിട്ടുണ്ട്. തൊഴിലിലേക്കു പ്രവേശിക്കുന്ന ഒരാൾക്ക് മുൻപ് ലഭിച്ചിരുന്ന മെഡിക്കൽ കാർഡ് സഹായങ്ങൾ മൂന്നു വർഷം വരെ തുടരാം എന്നായിരുന്നു ഇതുവരെ.എന്നാൽ ഈ സമ്പ്രദായം അടുത്ത വർഷം മുതൽ നിർത്തലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് 10ൽ 8ഓളം പേർക്കും തൊഴിലിൽ പ്രവേശിക്കുന്നുവെന്നു കരുതി വരുമാനത്തിൽ 50 ശതമാനം വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് ഇഎസ്ആർഐയുടെ പഠനം തെളിയിക്കുന്നതായി സാമൂഹികക്ഷേമ വകുപ്പ് പറയുന്നു. തൊഴിലില്ലാതിരിക്കുമ്പോൾ ഉള്ളതിനേക്കാളും തൊഴിൽ ലഭിച്ചപ്പോൾ ഇവരിൽ 8ശതമാനം പേർക്ക് വരുമാനം കുറയുകയാണ് ചെയ്തതെന്ന് ഇഎസ്ആർഐയുടെ വർക്ക് ഇൻസെന്റിവ്‌സ്: ന്യൂ എവിഡെൻസ് ഫോർ അയർലണ്ട് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.
ഏതായാലും അയർലണ്ടിൽ ജീവിക്കാത്തവർ പോലും ഇത്തരം സഹായധനങ്ങൾ കൈപ്പറ്റുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.വീട് വാടകയ്‌ക്കെന്നു പറഞ്ഞു ഇടനിലക്കാരുമായി ചേർന്ന് കരാർ ഉണ്ടാക്കുന്ന ഇവർ റെന്റ് സപ്ലിമെന്റ് ആയി കിട്ടുന്ന തുകയുടെ 50 % തുക വരെയാണത്രെ കമ്മീഷനായി ഇടനിലക്കാർക്ക് കൊടുക്കുന്നത്. ഇത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സാമൂഹിക ക്ഷേമ വകുപ്പ് പരിശോധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
സാമൂഹ്യക്ഷേമ പദ്ധതികൾ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും വിതരണം ചെയ്യുന്നത് പരിശോധിക്കപ്പെടാതെ പോവുകയും ചെയ്യുന്നതാണ് ഐറിഷ് സോഷ്യൽ വെൽഫയർ മേഖലയെ കുറിച്ചുള്ള പരാതികൾക്ക് ആധാരമെന്നാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ വിശദീകരണം.