ബ്രിട്ടനില്‍ മലയാളിയുടെ വീരഗാഥ: സോജന്‍ ജോസഫിന് ആഷ്‌ഫോര്‍ഡില്‍ അട്ടിമറിജയം.139 വര്‍ഷത്തിനിടയില്‍ ആദ്യമായി ലേബറിന് ആഷ്ഫോഡില്‍ വിജയം നല്‍കിയത് മലയാളി നഴ്‌സ്-സോജന്റെ വിജയം ഏറ്റവും വലിയ അട്ടിമറി

ലണ്ടൻ : ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ നഴ്സ് സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ അട്ടിമറി വിജയം നേടിയത്. ആഷ്ഫോര്‍ഡ് സീറ്റിലെ പുതിയ മണ്ഡലം കൈവിട്ടത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മണ്ഡലത്തെ തറവാട്ട് സ്വത്തു പോലെ കയ്യടക്കിയിരുന്ന കണ്‍സര്‍വേറ്റീവ് പ്രമുഖന്‍ ഡാമിയന്‍ ഗ്രീനിന്റെ രാഷ്ട്രീയ ജീവിതത്തിനു കൂടി അന്ത്യം കുറിയ്ക്കുമെന്നാണ് സൂചന. കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകളില്‍ വലിയ പദവികള്‍ ഏറ്റെടുത്തിരുന്ന ഡാമിയന്‍ ലേബര്‍ തരംഗത്തില്‍ വീണതല്ല, മറിച്ചു മണ്ഡലം പുനഃനിര്‍ണയത്തില്‍ അടിപതറിയതാണ്. അതാകട്ടെ ലേബര്‍ പാര്‍ട്ടിയില്‍ പോലും ജൂനിയറായ മലയാളി സോജന്റെ മുന്നിലും. തനിക്കൊത്ത ഒരു സ്ഥാനാര്‍ത്ഥിയോടായിരുന്നു പരാജയം എങ്കില്‍ പോലും അദ്ദേഹത്തിന് ആശ്വസിക്കാമായിരുന്നു.

139 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇവിടെ ലേബര്‍ ജയിക്കുന്നത്. തെരേസ മേ മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ വീഴ്ത്തിയത്. 15,262 വോട്ടുകള്‍ നേടി സോജന്‍ വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1779 വോട്ടുകളുടെ ഭൂരിപക്ഷമാണ് സോജന്‍ നേടിയത്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാര്‍ജിന്‍ മറികടക്കാനാകുമെന്നായിരുന്നു സോജന്റെ വിശ്വാസം . ഇതിനായി പ്രചാരണരംഗത്ത് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സോജന്‍ നടത്തിയത്. സോജന്റെ ഈ വിജയവാര്‍ത്ത കേട്ട ആഷ്‌ഫോര്‍ഡ് മലയാളികള്‍ വമ്പന്‍ ആഘോഷത്തിലുമാണ്.

കോട്ടയം കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയില്‍ നഴ്സായ സോജന്‍. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.

പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തക മണ്ഡലമായ ആഷ്ഫോര്‍ഡില്‍ അട്ടിമറി പ്രതീക്ഷിച്ചാണ് ലേബര്‍ പാര്‍ട്ടി, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ജനകീയനായ സോജന്‍ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയത്. മലയാളി കുടിയേറ്റക്കാരുടെ ഇഷ്ടരാജ്യമായ ബ്രിട്ടനില്‍ ഒരു മലയാളി അതും ഒരു നഴ്സ് വിജയിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. സോജന്റെ വിജയം ഭാവിയില്‍ ഒട്ടേറെ മലയാളികളെ പൊതുരംഗത്ത് ഇറങ്ങാന്‍ പ്രചോദിപ്പിക്കും എന്നാണ് വിലയിരുത്തല്‍.

നിലവില്‍ എയില്‍സ്ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റൗര്‍ വാര്‍ഡിലെ ലോക്കല്‍ കൗണ്‍സിലറായ സോജന്‍ ‘കെന്റ് ആന്‍ഡ് മെഡ്വേ എന്‍.എച്ച്.എസ് ട്രസ്റ്റിലെ’ മെന്റല്‍ ഹെല്‍ത്ത് ഡിവിഷനില്‍ ഹെഡ് ഓഫ് നഴ്സിങ് ചുമതലയുള്ള അഞ്ച് ഡയറക്ടര്‍മാരില്‍ ഒരാളാണ്. 22 വര്‍ഷമായി എന്‍.എച്ച്.എസില്‍ പ്രവര്‍ത്തിക്കുന്ന സോജന്‍ ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി ഹെഡാണ്.

ലേബര്‍ തരംഗം ഉണ്ടായില്ലെങ്കില്‍ പോലും ഇത്തവണ ഡാമിയന്‍ തോല്‍ക്കും എന്ന് പ്രാദേശിക പാര്‍ട്ടി ഘടകം പറഞ്ഞതുമാണ്. എന്നാല്‍ അവരെ ഒതുക്കിയാണ് അവസാന നിമിഷം ഡാമിയന്‍ തന്നെ സ്ഥാനാര്‍ത്ഥിയായത്. ലേബര്‍ എതിരാളി മലയാളി ആയതുകൊണ്ട് നിസാരമമായി ജയിച്ചു കയറാം എന്ന ചിന്തയിലാണ് ഡാമിയന്‍ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ഥി കുപ്പായമണിഞ്ഞത്. എന്നാല്‍ വമ്പന് എതിരെ മത്സരിക്കേണ്ടി വരും എന്ന സാഹചര്യത്തിലും പതറാതെ ആ ദൗത്യം ഏറ്റെടുക്കുക ആയിരുന്നു സോജന്‍. ലേബര്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരെ മുന്‍തൂക്കം നേടുമ്പോഴും ആഷ്ഫോര്‍ഡ് സീറ്റില്‍ മുന്‍പ് ലേബര്‍ ജയിച്ചിട്ടില്ല എന്ന വസ്തുത വലിയ ചോദ്യമായി എല്ലായ്‌പ്പോഴും സോജന് മുന്‍പില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പ്രചാരണം അവസാന ലാപ്പില്‍ എത്തിയപ്പോഴേക്കും വ്യക്തമായ ലീഡ് നേടി ആയിരുന്നു സോജന്റെ മുന്നേറ്റം. ഒരു ഘട്ടത്തില്‍ സോജന്റെ സാധ്യത 70 ശതമാനത്തിനു മുകളിലായി ഉയരുകയും ചെയ്തിരുന്നു. സോജന്റെ വിജയം ഭാവിയില്‍ ഒട്ടേറെ മലയാളികളെ പൊതുരംഗത്ത് ഇറങ്ങാന്‍ പ്രചോദിപ്പിക്കും എന്നാണ് വിലയിരുത്തല്‍.

യുകെയില്‍ എത്തിയകാലം മുതല്‍ സാമൂഹിക സേവനത്തില്‍ താല്‍പര്യം കാണിച്ച സോജന്‍ 2010-15 കാലഘട്ടത്തില്‍ നഴ്സുമാരുടെ ശമ്പള വര്‍ധനയ്ക്കായുള്ള സമരത്തിലും ക്യാംപെയ്നിലും മുന്നിലുണ്ടായിരുന്നു. നഴ്സിങ് വിദ്യാര്‍ഥികളുടെ ബര്‍സറി (ഗ്രാന്‍ഡ്) പു:നസ്ഥാപിക്കാനുള്ള പോരാട്ടത്തിലും സോജന്‍ നിര്‍ണായക നേതൃത്വമാണ് നല്‍കിയത്. മലയാളി അസോസിയേഷനുകളിലും കൂട്ടായ്മകളിലും സജീവ സാന്നിധ്യമായ സോജന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആവേശത്തിലാണ് ആഷ്ഫോര്‍ഡിലെയും കെന്റിലെ മറ്റു ചെറുപട്ടണങ്ങളിലെയുമെല്ലാം മലയാളികള്‍. ബെംഗളുരൂവില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെ.ഇ. കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്.

 

Top