സ്‌കൂളുകളില്‍ സ്‌പീച്ച്‌ ആന്‍ഡ്‌ ലാംഗ്വേജ്‌ തെറാപ്പിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഫിന്നാഫെയില്‍ സര്‍ക്കാരിനു മുന്നില്‍

ഡബ്ലിന്‍: രാജ്യത്തെ സ്‌കൂളുകളില്‍ സ്‌പീച്ച്‌ ആന്‍ഡ്‌ ലാംഗ്വേജ്‌ തെറാപ്പിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നു ഫിന്നാഫെയില്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. രാജ്യത്തെ സ്‌കൂളുകളില്‍ സ്‌പീച്ച്‌ ആന്‍ഡ്‌ ലാംഗ്വേജ്‌ തെറാപ്പിക്കുള്ള വെയിറ്റിങ്‌ ലിസ്റ്റിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ചാണ്‌ ഫിന്നാ ഫെയില്‍ ഇപ്പോള്‍ ഇത്തരത്തില്‍ പ്രസ്‌താവന നടത്തിയിരിക്കുന്നത്‌.
കഴിഞ്ഞ ദിവസം എച്ച്‌എസ്‌ഇ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ വിവിധ സ്‌കൂളുകളിലായി 8000ത്തോളം വിദ്യാര്‍ഥികളാണ്‌ ഇപ്പോഴും സ്‌പീച്ച്‌ ആന്‍ഡ്‌ ലാംഗ്വേജ്‌ തെറാപ്പിക്കായി അവസരം കാത്തിരിക്കുന്നത്‌. ഇതില്‍ ഏതാണ്ട്‌ 1600 ഓളം വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തെറാപ്പിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവിലുള്ള തെറാപ്പിസ്റ്റുകളെ ഓരോ സ്‌കൂളിലേയ്ക്കുമായി തരം തിരിച്ചു നിയമിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കുമെന്നു ഫിന്നാഫെയല്‍ സ്‌പോക്ക്‌മാന്‍ അവകാശപപെട്ടു. നിലവിലുള്ള സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ്‌ ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ പ്രത്യേക പരിഗണന ആവശ്യമുള്ള സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ പ്രത്യേക പരിഗണനയോടെ അധ്യാപക നിയമനങ്ങള്‍ നടത്തണമെന്നാണ്‌ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന നിര്‍ദേശം.

Top