സ്വന്തം ലേഖകൻ
അൽകോബാർ: കിട്ടാനുള്ള ശമ്പളം ചോദിച്ചതിന് സ്‌പോൺസർ മർദ്ദിച്ച് അവശനാക്കിയ ഇന്ത്യക്കാരനായ ഹൌസ് ഡ്രൈവർ, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ, ലേബർ കോടതി വഴി നാട്ടിലേയ്ക്ക് മടങ്ങാനുള്ള നിയമനടപടികൾ പൂർത്തിയാക്കി.
തമിഴ്!നാട് നാഗപട്ടണം തിരുച്ചിറപ്പള്ളി സ്വദേശി അബ്ദുൾ റഹ്മാൻ ഏഴു മാസങ്ങൾക്ക് മുൻപാണ് അൽ കോബാർ അസീസിയയിൽ ഉള്ള ഒരു സൗദി പൗരന്റെ വീട്ടിൽ ഹൌസ് ഡ്രൈവറായി ജോലിയ്‌ക്കെത്തുന്നത്. നാട്ടിൽ തിരുച്ചിറപ്പള്ളി കടപ്പുറത്ത്, വൃദ്ധരായ മാതാപിതാക്കളും, ഭാര്യയും, മൂന്നു പെൺകുട്ടികളും, ഒരു മകനുമടങ്ങുന്ന പാവപ്പെട്ട കുടുംബത്തിന്റെ ഏകഅത്താണിയായിരുന്നു അബ്ദുൾ റഹ്മാൻ. പ്രവാസജീവിതം കൊണ്ട് തന്റെ കുടുംബത്തിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാം എന്ന പ്രതീക്ഷയോടെയാണ് അയാൾ സൗദിയിൽ ജോലിയ്‌ക്കെത്തിയത്.
എന്നാൽ പ്രതീക്ഷകൾ തകർക്കുന്ന മോശം അനുഭവങ്ങളാണ് അബ്ദുൾ റഹ്മാന് ആ വീട്ടിൽ നേരിടേണ്ടി വന്നത്. രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. പല ദിവസങ്ങളിലും ഇരുപതു മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നു. പലപ്പോഴും ജോലിഭാരം കാരണം ആഹാരം കഴിയ്ക്കാനോ, ശരിയ്ക്കും ഉറങ്ങാനോ പോലും കഴിഞ്ഞില്ല. അതിനാൽ അയാളുടെ ആരോഗ്യവും നാൾക്കുനാൾ ക്ഷയിച്ചു. ഏഴു മാസം ജോലി ചെയ്തിട്ടും നാലു മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ. കുടിശ്ശിക ശമ്പളവും, ദിവസവും ആവശ്യത്തിന് വിശ്രമവും തരണമെന്ന് സ്‌പോൺസറോട് അബ്ദുൾ റഹ്മാൻ കരഞ്ഞു പറഞ്ഞെങ്കിലും, ഫലമുണ്ടായില്ല.
ഒരു ദിവസം ആഹാരം കഴിയ്ക്കാൻ പോകുന്ന നേരത്ത് സ്‌പോൺസർ അബ്ദുൾ റഹ്മാനോട് വണ്ടിയെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആഹാരം കഴിഞ്ഞിട്ടേ ജോലി ചെയ്യുന്നുള്ളൂ എന്ന് അബ്!ദുൾ റഹ്മാൻ ഉറപ്പിച്ചു പറഞ്ഞു. കുപിതനായ സ്‌പോൺസറും, കൂട്ടാളിയും കൂടി അബ്ദുൾ റഹ്മാനെ മർദ്ദിച്ച്, വീട്ടിന് വെളിയിൽ തള്ളി.
വെറും കൈയോടെ റോഡിൽ ഇറങ്ങേണ്ടി വന്ന അബ്ദുൾ റഹ്മാന്റെ അവസ്ഥയിൽ ദയ തോന്നിയ ഒരു ടാക്‌സി ഡ്രൈവർ, അയാളെ ദമ്മാം ലേബർ കോടതിയിൽ കൊണ്ടുപോയി വിട്ടു. എന്നാൽ പരാതി കൊടുക്കാൻ പേപ്പർ വാങ്ങാൻ പോലും കൈയ്യിൽ പൈസയില്ലാതെ നിരാശ്രയനായ അബ്ദുൾ റഹ്മാൻ എന്ത് ചെയ്യണമെന്നറിയാതെ കോടതി പരിസരത്ത് അലഞ്ഞു നടന്നു.
മറ്റൊരു കേസിന്റെ കാര്യങ്ങൾക്കായി ദമ്മാം ലേബർ കോടതിയിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തകൻ ഷിബുകുമാർ തിരുവനന്തപുരത്തിന്റെ ശ്രദ്ധയിൽപെട്ടതാണ് അബ്ദുൾ റഹ്മാന് രക്ഷയായത്. കോടതി പരിസരത്ത് കരഞ്ഞു കൊണ്ട് നിന്ന അബ്ദുൾ റഹ്മാനോട് ഷിബുകുമാർ കാര്യങ്ങൾ തിരക്കി മനസ്സിലാക്കി. തുടർന്ന് ഷിബുകുമാറിന്റെ സഹായത്തോടെ അബ്ദുൾ റഹ്മാൻ സ്‌പോൺസർക്കെതിരെ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തു.
സാമൂഹ്യപ്രവർത്തനായ നാസ് വക്കത്തിന്റെ സഹായത്തോടെ, ഷിബുകുമാർ അബ്ദുൾ റഹ്മാനെ കോബാർ പോലീസ് സ്റ്റേഷനിലേക്കും, അവിടെ നിന്നും അസീസിയ പോലീസ് സ്റ്റേഷനിലേയ്ക്കും കൊണ്ടു പോയി, സ്‌പോൺസറുടെ മർദ്ദനത്തിനെതിരെ പരാതി നൽകി. അസീസിയ പോലീസ് കേസ് ചാർജ്ജ് ചെയ്യുകയും, അവരുടെ നിർദ്ദേശപ്രകാരം ഷിബുകുമാർ, അബ്ദുൽ റഹ്മാനെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
ലേബർ കോടതിയിൽ കേസ് വിളിച്ച ദിവസം ഷിബുകുമാർ അബ്ദുൽ റഹ്മാനെ ഹാജരാക്കി, എല്ലാ രേഖകളും കൈമാറി. കോടതിയിൽ എത്തിയ സ്‌പോൺസറെ രൂക്ഷമായി വിമർശിച്ച കോടതി, അബ്ദുൾ റഹ്മാന് ഫൈനൽ എക്‌സിറ്റ് നൽകാൻ പറഞ്ഞു. സ്‌പോൺസർ എക്‌സിറ്റ് അടിച്ചു നൽകാൻ തയ്യാറായെങ്കിലും, കുടിശ്ശിക ശമ്പളം നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടു.
ദുരനുഭവങ്ങൾ കാരണം തനിയ്ക്ക് എങ്ങനെയെങ്കിലും നാട്ടിൽ പോയാൽ മതിയെന്ന മാനസികഅവസ്ഥയിലായിരുന്നു അബ്ദുൾ റഹ്മാൻ. തുടർന്ന് അയാളുടെ അഭ്യർത്ഥനയനുസരിച്ച് സ്‌പോൺസർ കോടതിയിൽ വെച്ച് അപ്പോൾ തന്നെ എക്‌സിറ്റ് അടിച്ചു, പാസ്‌പോർട്ട് നൽകി.
ഷിബുകുമാറിന്റെ അഭ്യർത്ഥന മാനിച്ച്, ദമാം ബദർ അൽ റാബി ആശുപത്രിയിലെ ഡോക്റ്ററായ ഡോ:ബിജു വർക്കി, അബ്ദുൾ റഹ്മാന് നാട്ടിലേയ്ക്ക് പോകാനുള്ള വിമാനടിക്കറ്റ് നൽകി.
നിയമനടപടികൾ പൂർത്തിയാക്കി നാളെ അബ്ദുൾ റഹ്മാൻ നാട്ടിലേയ്ക്ക് മടങ്ങും.
ഫോട്ടോ:
ഡോ:ബിജു വർക്കി, അബ്ദുൾ റഹ്മാന് യാത്രാരേഖകളും വിമാനടിക്കറ്റും കൈമാറുന്നു. ഷിബുകുമാർ സമീപം.