അമേരിക്കയില്‍ രാത്രിയില്‍ നിറം മാറുന്ന പറക്കും അണ്ണാനെ കണ്ടെത്തി. വിസ്‌കോണ്‍സിന്‍സ് നോര്‍ത്ത് ലന്‍ഡ് കോളജിലെ വനശാസ്ത്ര വകുപ്പ് പ്രൊഫസറായ ജോണ്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് നിറം മാറുന്ന പറക്കും അണ്ണാനെ കണ്ടെത്തിയത്.
നോര്‍ത്ത് അമേരിക്കയിയിലെ ചിലയിനം പറക്കും അണ്ണാന്‍മാരാണ് രാത്രികാലങ്ങളില്‍ നിറം മാറുന്നതെന്ന് ശാസ്ത്രജ്ഞര്‍മാര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മമ്മോളജി ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിറം മാറാന്‍ കഴിവുള്ള ഇത്തരം പറക്കും അണ്ണാന്‍മാരുടെ ശരീരം രാത്രികാലങ്ങളില്‍ തിളങ്ങുമെന്നും പഠനത്തില്‍ പറയുന്നു.
അള്‍ട്രാവയലറ്റ് ഫ്‌ലാഷ് ലൈറ്റ് ഉപയോഗിച്ചാണ് നിറം മാറുന്ന അണ്ണാന്‍മാരെ കണ്ടെത്തിയത്. ചെടികളില്‍ പരീക്ഷണം നടത്തുന്നതിനായാണ് രാത്രിയില്‍ മാര്‍ട്ടിനും കൂട്ടരും പുറത്തിറങ്ങിയത്. ആ സമയത്താണ് അപ്രതീക്ഷിതമായി നിറം മാറുന്ന അണ്ണാന്‍ ഇവരുടെ മുന്നില്‍പ്പെട്ടത്.അള്‍ട്രാവയലറ്റ് രശ്മികള്‍ പറക്കും അണ്ണാന്റെ ദേഹത്ത് പതിഞ്ഞപ്പോഴാണ് അണ്ണാന്‍ പിങ്ക് നിറമാവാന്‍ തുടങ്ങിയത്.
പിന്നീട് നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് നിറംമാറുന്ന പറക്കും അണ്ണാനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പറക്കും അണ്ണാന്‍മാരുടെ നിറം മാറ്റത്തെ കുറിച്ചുള്ള ശാസ്ത്രീയവശങ്ങളെക്കുറിച്ച് ഇതുവരെ കണ്ടെത്താന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ശാസ്ത്രലോകം.