സ്വന്തം ലേഖകൻ
വാഷിങ്ടൺ ഡിസി: യുഎസ് പോസ്റ്റൽ സർവീസിന്റെ നൂറു വർഷത്തെ ചരിത്രത്തിൽ ആദ്യമായി സാധാരണ ലെറ്റർ സ്റ്റാംമ്പിന്റെ വിലയിൽ കുറവു വരുന്നു. നാൽപ്പത്തി ഒൻപത് സെന്റിയായിരുന്ന തപാൽ സ്റ്റാമ്പിനു ഞായറാഴ്ച മുതൽ 47 സെന്‌റ് നൽകിയാൽ മതി. പോസ്റ്റ് കാർഡിന്റെ സ്റ്റാംമ്പ് 34 സെന്റിൽ നിന്നും ഒരു സെന്റായി കുറച്ചിട്ടുണ്ട്.
2014 ലാണ് മൂന്നു സെന്റ് ഉയർത്തി 49 സെന്റായി നിജപ്പെടുത്തിയത്. രണ്ടു വർഷത്തേയ്ക്കാണ് ഉയർന്നവില ഈടാക്കാൻ തീരുമാനിച്ചിരുന്നത്. ഈ കാലാവധി കഴിയുന്നതിനു മുൻപ് സ്റ്റാംമ്പ്വില കുറയ്ക്കാൻ തീരുമാനിച്ചതിലൂടെ രണ്ടു ബില്യൺ ഡോളറാണ് യുഎസ് പോസ്റ്റൽ സർവീസിനു നഷ്ടം സഹിക്കേണ്ടി വരുന്നത്.
സ്റ്റാംമ്പ് വില വർധിക്കുമെന്ന പ്രതീക്ഷയിൽ നാൽപ്പത്തി ഒൻപതു സെന്റ് നൽകി ഫോർ എവർ സ്റ്റാംമ്പ് വാങ്ങി സൂക്ഷിച്ചവർക്കാണ് ഈ വിലകുറഞ്ഞതോടെ നഷ്ടം സംഭവിച്ചത്. 1919 ജൂലായി മാസം അന്ന് നിലവിലുണ്ടായിരുന്ന സ്റ്റാംമ്പിന്റെ വില മൂന്നു സെന്റ് രണ്ടു സെന്റായി കുറച്ചതാണ് യുഎസ് പോസ്റ്റൽ സർവീസ് സമീപകാലത്ത് സ്വീകരിച്ച നടപടി. 2014 ൽ സ്റ്റാമ്പിന്റെ വില മൂന്നു സെന്റ് വർധിപ്പിച്ചതിലൂടെ യുഎസ് പോസ്റ്റൽ സർവീസസിനു 4.6 ബില്യൺ ഡോളറിന്റെ അധികവരുമാനം ലഭിച്ചിരുന്നു. കുറഞ്ഞ വില ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന പോസ്റ്റ്മാസ്റ്റർ ജനറൽ മെഗൻ ജെ.ബ്രണ്ണൻ അറിയിച്ചു.