പിശാചുക്കളുടെ ഉത്സവം കൊണ്ടാടി ബ്രിട്ടീഷ് യുവത്വം തെരുവിലിറങ്ങിയപ്പോള്‍ പൊലീസിനത് തലവേദനയായി. പ്രേതങ്ങളുടെയും ദുര്‍മന്ത്രവാദികളുടെയും കോമാളികളുടെയും ഹാരിപ്പോട്ടര്‍ കഥാപാത്രങ്ങളുടെയുമൊക്കെ വേഷത്തില്‍ കുടിച്ചുകൂത്താടി അവര്‍ ആഘോഷിച്ചു. പ്രശസ്തമായ ഹാലോവീന്‍ ആഘോഷമാണ് ബ്രിട്ടീഷ് തെരുവുകളെ പ്രേതാലയമാക്കിയത്.
ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ ആഘോഷങ്ങളിലൊന്നാണ് ഹാലോവീന്‍. വിറയ്ക്കുന്ന തണുപ്പിലും അല്‍പവസ്ത്രധാരികളായി തെരുവിലിറങ്ങിയ യുവതികള്‍ രക്തക്കറപുരണ്ട ഉടുപ്പുകളണിഞ്ഞ് പേടിപ്പെടുത്തുന്ന അന്തരീക്ഷം പുനഃസൃഷ്ടിച്ചു.
പലയിടത്തും കുടിച്ചുലക്കുകെട്ട യുവതീയുവാക്കള്‍ റോഡില്‍ത്തന്നെ വീണുകിടന്നു. ഇവരെ വീട്ടിലെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു പൊലീസിനും പാരാ മെഡിക്കല്‍ വിഭാഗത്തിനും ചെയ്യാനുണ്ടായിരുന്നത്.
ബര്‍മ്മിങ്ങാമിലെ ബ്രോഡ് സ്ട്രീറ്റില്‍മാത്രം 4500-ലേറെ പേരാണ് ഹാലോവീന്‍ ആഘോഷിക്കാന്‍ പ്രച്ഛന്നവേഷധാരികളായി രംഗത്തെത്തിയത്. നൈറ്റ്മേര്‍ ഓണ്‍ ബ്രോഡ് സ്ട്രീറ്റ് എന്ന ആഘോഷം പലേടത്തും അതിരുവിടുകയും ചെയ്തു. ആഘോഷം അക്രമത്തിലേക്കും ഏറ്റുമുട്ടലിലേക്കും പോകാതിരിക്കുന്നതിന് കരുതലോടെയാണ് പൊലീസ് കാവല്‍നിന്നത്.