പി.പി ചെറിയാൻ
ഡാള്ളസ്: സുജ ചന്ദ്രശേഖരനെ ടെക്‌സസ് ആസ്ഥാനമായ ഇർവിങ് സിറ്റിയിൽ പ്രവർത്തിക്കുന്ന പേപ്പർ കമ്പനി കിംമ്പർളി ക്ലാർക്ക് കോർപ്പറേഷൻ ചീഫ് ഇൻഫർമേഷൻ ഓഫിസറായി നിയമിച്ചതായി സീനിയർ വൈസ് പ്രസിഡന്റ് മറിയ ഹെൻട്രി അറിയിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ വാൾമാർട്ട് ഇൻ കോർപ്പറേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഗ്ലോബൽ ചീഫ് ടെക്‌നോളജി ഓഫിസർ ചീഫ് ഡാറ്റാ ഓഫിസർ തുടങ്ങിയ തസ്തികകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ഇന്ത്യൻ വംശജയായ സുജ ചന്ദ്രശേഖരൻ.
സുജയുടെ ഇരുപത്തിയഞ്ചു വർഷത്തെ ടെക്‌നോളജിയിലുള്ള പരിചയ സമ്പത്ത് കമ്പനിക്കു വളരെ പ്രയോജനകരമായിരിക്കുമെന്നു മറിയ പറഞ്ഞു. ക്ലിനക്ക് തുടങ്ങിയ പേപ്പർ ഉത്പാദക കമ്പനിയാണ് കിംബർളി – ക്ലാർക്ക് കോർപ്പറേഷൻ. ഫുൾ ബ്രൈറ്റ് സ്‌കോളർഷിപ്പ്, റ്റോപ്പ് 10 വുമൺ, ടോപ്പ് 10 ലീഡർ തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഇതിനോടകം തന്നെ സുജയെ തേടിയെത്തിയിരുന്നു.
മദ്രാസ് സർവകലാശാലയിൽ നിന്നു മാസ്റ്റർ ബിരുദവും ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്നും ബിസിനസിൽ ബിരുദാനന്തര ബിരുദവും നേടിയുണ്ട് ഇവർ. പുതിയ സ്ഥാന ലബ്ദിയിൽ സുജ ചന്ദ്രശേഖരൻ സംതൃപ്തി പ്രകടിപ്പിച്ചു. സ്ഥാപനത്തിന്റെ വളർച്ചയ്ക്കു തന്റെ പരിമിതമായ കഴിവുകൾ പരമാവധി ഉപയോഗിക്കുമെന്നും സുജ പറഞ്ഞു.