ബാലസജീവ് കുമാർ
പത്താം വയസിലേക്കു എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായാ യുക്മ, ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുറമെ യുകെ മലയാളികളുടെ കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്നു. യുകെയിലെ മലയാളി പ്രതിഭകളിൽ മത്സര ബുദ്ധി വളർത്തുന്നതിനേക്കാളുപരി പ്രകടനങ്ങൾക്കുള്ള വേദിയും, അഭിനന്ദനങ്ങളും, അംഗീകാരങ്ങളും, അസോസിയേഷൻ, റീജിയൻ, നാഷണൽ തലങ്ങളിലായി നടത്തപെടുന്ന വിവിധങ്ങളായ മത്സരങ്ങളിലൂടെ യുക്മ ചെയ്തു പോരുന്നുണ്ട്. യുക്മ കലാമേളകളും, സാഹിത്യ മത്സരങ്ങളും, കായിക മത്സരങ്ങളും ഇതിനുദാഹരണമാണ്. ഇപ്രകാരമുള്ള മത്സരങ്ങളിലെ പ്രകടനങ്ങൾ മത്സരം നടക്കുന്ന ഇടത്തെ മാത്രം കണികളിലേക്കു ഒതുങ്ങുമ്പോൾ, ഒരു റിയാലിറ്റി ഷോയിലെ പ്രകടനങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതും വിലയിരുത്താവുന്നതുമാണല്ലോ!
ഗർഷോം ടിവിയുടെ സഹകരണത്തോടെ യുക്മ അവതരിപ്പിച്ച യുക്മ സ്റ്റാർ സിങ്ങർ മൂന്നാം സീസൺ കഴിയാറായ ഈ അവസരത്തിൽ യുക്മയും ഗർഷോം ടിവിയും സംയുക്തമായി യുകെയിലെ നാട്യ തിലകങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോ സമർപ്പിക്കുകയാണ്.
എട്ടു വർഷമായി നടന്നു വരുന്ന യുക്മ റീജിയണൽ നാഷണൽ കലാമേളകളിലെ വിധി നിര്ണയത്തിലൂടെ നാട്യമയൂരങ്ങളെയും നാട്യ തിലകങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ യുക്മയിലെ അംഗങ്ങളിലേക്കു മാത്രമായി ഒതുങ്ങിയിരുന്ന ഈ കലാമേളകൾക്ക് ഉപരിയായി യുകെയിലെ മുഴുവൻ മലയാളിക്കും അവസരം ഒരുക്കുന്നതിനായി ഒരു ഏകദിന പരിപാടി ആയി യുക്മ സൂപ്പർ ഡാൻസർ എന്ന പരിപാടി മുൻകാലങ്ങളിൽ യുക്മ നടത്തി വന്നിരുന്നു. അതിൽ നിന്നും ആശയം ഉൾകൊണ്ട് യുക്മ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ മാതൃകയിൽ യൂറോപ്പിലെ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാവുന്ന തരത്തിൽ യുക്മയും ഗർഷോം ടിവിയും സംയുക്തമായി ഈ വർഷം അണിയിച്ചൊരുക്കുന്ന പ്രോഗ്രാം ആണ് ”ഗർഷോം ടിവി — യുക്മ സൂപ്പർ ഡാൻസർ”.
യുകെ ഉൾപ്പെടെ യൂറോപ്പിലെ വിവിധ വേദികളിലായി ഓഡിഷൻ നടത്തി അതിൽ നിന്നും തിരഞ്ഞെടുക്ക പെടുന്ന പ്രതിഭകൾക്കാണ് ഈ റിയാലിറ്റി ഷോയിലൂടെ അവസരം കൊടുക്കുന്നത്. യുകെയിലെ ലണ്ടനിലും ലെസ്റ്ററിലും , അയർലണ്ടിൽ ഡബ്ലിനിലും, സ്വിട്സർലാന്റിലെ സൂറിച്ചിലും ആയി ഓഡിഷനുകൾ നടത്തപ്പെടും. ഓഡിഷൻ തീയതി അപേക്ഷിക്കുന്ന മത്സരാത്ഥികളെ അറിയിക്കുന്നതാണ്. പെർഫോമൻസിനായി തിരഞ്ഞെടുക്ക പെടുന്നവരെ ഏകാംഗമായും ഗ്രൂപ്പുകളയായും സെമി ക്ലാസിക്കൽ , സിനിമാറ്റിക്, ബോളിവുഡ്, ഫ്യൂഷൻ , ഫ്രീസ്റ്റൈൽ തുടങ്ങിയ വിവിധ ഇനം നൃത്ത കലാ രൂപങ്ങൾ പ്രഗത്ഭരായ വിധി കർത്താക്കളുടെ മുൻപിൽ അവതരിപ്പിക്കുകയും അവതരണ മികവിന് അനുസൃതമായി അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്നതാണ്.
എല്ലാ റൌണ്ടുകളും പൂർത്തിയായതിനു ശേഷം ഫൈനലിൽ എത്തുന്ന മത്സരാർഥികൾ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടും. മാഞ്ചസ്റ്ററിൽ വച്ച് നടത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ മലയാളത്തിലെ പ്രശസ്തരായ നർത്തകർ ആയിരിക്കും വിധികർത്താക്കളായി എത്തുക. ഫൈനലിൽ എത്തുന്ന മത്സരാർഥികൾ അവരുടെ മുൻപിൽ ആണ് സ്വന്തം കഴിവ് തെളിയിക്കേണ്ടത്. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ക്യാഷ് പ്രൈസും നൽകുന്നതായിരിക്കും.
12 നും 20 നും വയസ്സിന് ഇടയിൽ പ്രായമുള്ള ആൺ പെൺ ഭേദമെന്യേ ഏതൊരു യൂറോപ്പ് മലയാളിക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ജൂൺ മാസത്തിൽ നടക്കുന്ന ആദ്യ ഒഡിഷനിൽ നിന്നും വിധി നിർണ്ണയം നടത്തി ഇരുപത് പേരെയാണ് പിന്നീടുള്ള മത്സരങ്ങൾക്ക് തിരഞ്ഞെടുക്കുക. യൂ.കെയിലെ നാലു നഗരങ്ങളിൽ വച്ച് ലൈവ് ആയി സ്റ്റേജില്‍ വച്ചായിരിക്കും തുടക്കം മുതല്‍ എല്ലാ റൌണ്ടുകളിലും മത്സരങ്ങൾ നടത്തപ്പെടുക. ഈ മത്സരങ്ങള്‍ തത്സമയം ചിത്രീകരിക്കുകയും എല്ലാ ആഴ്ചകളിലും ഗർഷോം ടിവി സംപ്രേഷണം ചെയ്യുന്നതായിരിക്കും. എല്ലാ സ്റ്റേജിലും രണ്ടു റൌണ്ടുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. മത്സരം പുരോഗമിക്കുന്നതനുസരിച്ച് എലിമിനേഷന്‍ ഉണ്ടായിരിക്കും. പ്രശസ്തരായ നർത്തകരും കോറിയോ ഗ്രാഫറും അടങ്ങുന്ന വിധികർത്താക്കൾ ആയിരിക്കും വിധി നിര്‍ണ്ണയം നടത്തുക. ഓരോ റൌണ്ടും ഏതൊക്കെ രീതികളിൽ വേണമെന്ന് വിദഗ്ദ്ധ സമിതി പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതായിരിക്കും.
യുക്മ സ്റ്റാർ സിങ്ങർ ഗ്രാൻഡ് ഫിനാലെ വേദിയിൽ വച്ച് സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയുടെ തിരി തെളിയും.യുക്മ സൂപ്പർ ഡാൻസറിന്റെ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ:ദീപ ജേക്കബ് , യുക്മ ദദേശീയ നിർവാഹക സമിതി അംഗം കുഞ്ഞുമോൻ ജോബ് എന്നിവർ ആയിരിക്കുമെന്ന് യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു.
മത്സരത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനായി യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് (07883068181) ചീഫ് പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ:ദീപ ജേക്കബ് (07792763067 ) കുഞ്ഞുമോൻ ജോബ് (07828976113) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള മത്സരാർത്ഥികൾ ഇതിനോടൊപ്പമുള്ള ഓൺലൈൻ ഫോം പൂരിപ്പിക്കേണ്ടതാണ്