പി.പി ചെറിയാൻ
വാഷിങ്ടൺ: ഉറിയിൽ പാക്കിസ്ഥാൻ അതിർത്തി കടന്ന ലൈൻ ഓഫ് കൺട്രോളിനപ്പുറത്ത് എത്തി ഇന്ത്യൻ സൈന്യം നടത്തിയ ഭീകരക്യാംപ് തകർക്കലിനെതിരെ അമേരിക്കൻ സൈന്യം രംഗത്ത്. ഇന്ത്യ ഇത്തരത്തിൽ ആക്രമണം നടത്തിയെന്ന അവകാശവാദം വിശ്വസനീയമല്ലെന്നു അമേരിക്കൻ സൈന്യം വ്യക്തമാക്കി. ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക് എന്ന വാദം വിശ്വസനീയമല്ലെന്നാണ് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്‌പോക്ക്‌സ് പേഴ്‌സൺ ജോൺ കാർബിയാണ് ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് എന്ന ആക്രമണ രീതി വിശ്വസനീയമല്ലെന്നു വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കിയത്. പാക്കിസ്ഥാൻ അതിർത്തിയിൽ സംഘർഷാവസ്ഥ വളർത്തുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഇന്ത്യയ്ക്കു മുന്നറിയിപ്പു നൽകുന്നതായും സ്‌പോക്ക് പേഴ്‌സൺ ജോൺ കാർമ്പി വാഷിങ്ടണിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും നീക്കങ്ങൾ അമേരിക്ക സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പാക്കിസ്ഥാൻ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക് എന്ന അവകാശവാദം നിഷേധിച്ചതിനു പിന്നാലെ അമേരിക്കയും ഇതേ നിലപാട് ആവർത്തിച്ചത് അമേരിക്കയുടെ പാക്കിസ്ഥാൻ അനുകൂല സമീപനം വ്യക്തമാക്കുന്നതാണ്. ഇന്ത്യ പാക്കിസ്ഥാൻ അതിർത്തി കടന്ന് മിന്നലാക്രമണം നടത്തി എന്നു മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതിനു വ്യക്തമായ തെളിവ് ഹാജരാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടില്ലെന്നാണ് അമേരിക്കൻ അധികൃതർ പറയുന്നത്.