സ്വന്തം ലേഖകൻ
നവോദയ സാംസ്‌കാരികവേദി ഈസ്റ്റെൻ പ്രൊവിൻസിൻറെ 14 ലാം വാർഷിക അനുബന്ധപരിപാടിയുടെ ഭാഗമായി ദമ്മാം ടൌൺ നവോദയ ബദർ കുടുംബവേദിയുടെ കീഴിലുള്ള വനിതാവേദിയുടെ നേതൃത്വത്തിൽ ‘സുറുമ’ യെന്ന കലാസാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. നവോദയ വനിതാവേദി പ്രവർത്തകർ പൂർണ്ണ നിയന്ത്രണവും സംഘാടനവും ഏറ്റെടുത്ത പരിപാടി വനിതകളെ മുഖ്യധാരയിലേക്ക് എന്ന് നവോദയ വെക്കുന്ന മുദ്രാവാക്യത്തെ സാധൂകരിക്കുന്ന ഒന്നായിരുന്നു. സ്റ്റേജ്, സൌണ്ട്, വീഡിയോ, ഫോട്ടോഗ്രാഫി മുതൽ എല്ലാ മേഖലയിലും നവോദയ വനിതാവേദി പ്രവത്തകരെ കണ്ടെത്താൻ കഴിഞ്ഞത് നവോദയക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ്.
അന്യം നിൽക്കുന്ന കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി. കഥാപ്രസംഗം, മോണോആക്റ്റ്, അറബ് കലാരൂപങ്ങൾ, നൃത്തനൃത്യങ്ങൾ, കവിത, ഗാനങ്ങൾ എന്നിവ പരിപാടിയിൽ അവതരിപ്പിക്കപ്പെട്ടു. വനിതാവേദി കൺവീനർ അനു രാജേഷിൻറെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം കാണികളിലൂടെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത അജു സന്തോഷ് ഉദ്ഘാടനം നിർവഹിച്ചത് സദസ്സിന് വേറിട്ട ഒരനുഭവമായി മാറി. ഇടതുപക്ഷത്തിൻറെ പ്രസക്തിയും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും, സ്ത്രീ സുരക്ഷ നഷ്ടപ്പെടുന്ന കേരളത്തിൽ പ്രവാസികളെ നാട്ടിലെ കുടുംബങ്ങളെ ഉപയോഗിച്ച് ഇടതുപക്ഷത്തിൻറെ ശക്തി വർധിപ്പിക്കാൻ കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്ന് കൂടി ഓർമിപ്പിച്ചു കൊണ്ട് സ്മിത രഞ്ജിത്ത് സംസാരിച്ചു. ഷൈസാ അഷ്‌റഫ്, റീജ അഷ്‌റഫ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിവിധ കലാപരിപാടികൾ വനിതകളുടെ നേതൃത്വത്തിൽ അരങ്ങേറി. ജ്യോത്സ്‌ന സ്വാഗതം പറഞ്ഞ യോഗത്തിന് രജന ഷാജു നന്ദി രേഖപ്പെടുത്തി.