സിറോ മലബാര്‍ രൂപതയുടെ ഉദ്ഘാടനം ഇന്ന്, സെന്റ് അല്‍ഫോന്‍സാ ദേവാലയം കത്തീഡ്രലായി ഉയര്‍ത്തി ഏറ്റെടുക്കും

ലണ്ടന്‍: ബ്രിട്ടണിലെ പുതിയ സിറോ മലബാര്‍ രൂപതയുടെ ആസ്ഥാനമായ സെന്റ് അല്‍ഫോന്‍സാ ദേവാലയം കത്തീഡ്രലായി ഉയര്‍ത്തുന്ന ചടങ്ങ് സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ഇന്നു നടക്കും. ലങ്കാസ്റ്റര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്റ്റണിലെ സെന്റ് ഇഗ്നേഷ്യസ് പള്ളിയാണ് സിറോ മലബാര്‍ സഭ ഏറ്റുവാങ്ങി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരില്‍ പുനര്‍സമര്‍പ്പണം ചെയ്യുന്നത്. പുതിയ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ ഔദ്യോഗികമായി ആരംഭിക്കും. റംശാ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തില്‍നിന്നും എത്തിയിട്ടുള്ള മറ്റു മെത്രാന്മാരും സംബന്ധിക്കും.
വൈകിട്ട് ആറിനാണ് ചടങ്ങുകള്‍ ആരംഭിക്കുക. 7.30ന് അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുകൊണ്ടുള്ള ആശീര്‍വാദത്തോടെ ചടങ്ങുകള്‍ സമാപിക്കും. ലോകത്തെ എല്ലാ കത്തീഡ്രല്‍ ദേവാലയങ്ങളും കരുണയുടെ കവാടങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കത്തീഡ്രലായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ പ്രധാന കവാടവും കരുണയുടെ വാതിലായി അറിയപ്പെടും

Top