പണം കൊടുക്കാത്തതിനാൽ വേദപഠനം നിഷേധിക്കപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ള സീറോമലബാർ വിശ്വാസികൾ കോർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചു.

അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി വിശ്വാസികൾ നേതൃത്വത്തിനെതിരെ പരസ്യമായി പള്ളി അങ്കണത്തിൽ പ്രതിഷേധിച്ചു. കോർക്കിൽ സീറോ മലബാർ സഭയുടെ പേരിൽ സ്വകാര്യ ട്രസ്റ്റുണ്ടാക്കി  പുരോഹിതർ വിശ്വാസത്തിന്റെ പേരിൽ  നടത്തുന്ന അനീതികൾക്കെതിരെയാണ് പ്രവാസി കത്തോലിക്കർ ബാനറുകളുമായി പ്രതിഷേധിച്ചത്.  കുർബാന നടക്കുന്നതിന് തൊട്ടുമു ൻപായി കോർക്കിലെ വിൽട്ടൻ സെ. ജോസഫ് പള്ളിക്ക് മുൻപിലാണ് ഞായറാഴ്ച വൈകുന്നേരം 4:30 മുതൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഒത്തുകൂടിയത്.
കഴിഞ്ഞ നാലാഴ്ചയായി അൻപതിൽപരം കുട്ടികൾക്ക് വേദപാഠം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ആണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനെ തുടർന്ന്  പള്ളി വികാരി ഫാ. മൈക്കൾ ഒലേരിയുടെ മധ്യസ്ഥതയിൽ സീറോ മലബാർ ചാപ്ലൈൻ ഫാ. ജിൽസനുമായി ചർച്ച നടത്താൻ തീരുമാനമായി.


സീറോ മലബാർ വിശ്വാസികൾക്കായി കോർക്ക് രൂപത അനുവദിച്ചിരിക്കുന്ന കുർബാനയും വേദപാഠവുമടക്കമുള്ള സേവനങ്ങൾ പ്രസ്‌തുത ട്രസ്റ്റിൽ ചേർന്നു പണം കൊടുക്കാത്തവർക്ക് നൽകില്ലെന്ന് പറഞ്ഞു കുറച്ചു വിശ്വാസികളെ മാറ്റിനിർത്തി വരികയായിരുന്നു. അധികാരികളുടെ അനുവാദമില്ലാതെ ഫാ. സിബി അറക്കലിന്റെയും സണ്ണി ജോസഫിന്റെയും നേതൃത്വത്തിൽ തുടങ്ങിയ വ്യാജട്രസ്റ്റിന്റെ നിലവിലെ ട്രസ്റ്റിമാരിൽ ഫാ. ജിൽസൻ കോക്കണ്ടത്തിൽ, ഡിനോ ജോർജ്ജ്, സോണി വിതയത്തിൽ, ഷിന്റോ ജോസ് എന്നിവരുൾപ്പെടുന്നു. വ്യാജട്രസ്റ്റിനും അതിലുൾപ്പെട്ട പുരോഹിതർക്കുമെതിരെ കോർക്കിലെ മെത്രാനും സീറോ മലബാർ സഭാധികാരികൾക്കും പരാതികൾ സമർപ്പിച്ചിട്ടുണ്ടെന്ന് കോർക്കിലെ സീറോ മലബാർ കമ്മ്യൂണിറ്റി വക്താവ്‌ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“സീറോ മലബാർ കാത്തലിക്ക് ചർച്ച് ഓഫ് കോർക്ക്” എന്ന പേരിൽ പുതിയതായി ഉണ്ടാക്കിയ ട്രസ്റ്റിനെ പറ്റി സീറോ മലബാർ മേജർ ആർച്ച്ബിഷപ്പിന്റെ അഭിപ്രായവും സഭയുടെ നിലപാടും ആരാഞ്ഞിരുന്നു. പ്രസ്തുത ട്രസ്റ്റിന്റെ ഉത്തരവാദിത്വം സീറോ മലബാർ സഭ ഏറ്റെടുക്കാതിരുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രതിഷേധവുമായി മുന്നോട്ടുപോകാൻ വിശ്വാസികൾ തീരുമാനിച്ചത്.

കത്തോലിക്കാ രാജ്യമായ അയർലണ്ടിൽ പ്രവാസികളായ കത്തോലിക്കർക്കും ഐറിഷ് കത്തോലിക്ക സഭ സേവനങ്ങൾ നല്കുമെന്നിരിക്കെ, വേദപാഠത്തിന്റെയും വിവാഹത്തിനുള്ള സർട്ടിഫിക്കറ്റിന്റെയും മറ്റും പേരിൽ പണം പിരിക്കാനും സീറോ മലബാർ സഭയിലെ പുരോഹിതർ ശ്രമിക്കുന്നതായി വ്യാപക പരാതി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ആണ് സഭയുടെ പേരിൽ തന്നെ വ്യാജട്രസ്റ്റു രൂപീകരിച്ചു വിശ്വാസികളിൽ നിന്ന് പണം പിരിക്കുന്നത്. കോർക്കിലെ ട്രസ്റ്റിൽ ചേർന്നവർതന്നെ ട്രസ്റ്റിന്റെ മറവിൽ സാമ്പത്തികതിരിമറി നടന്നതായി ആരോപണമുന്നയിക്കുന്നുണ്ട്.

അയർലണ്ടിലെ സീറോ മലബാർ പുരോഹിതരുടെ ഇത്തരം നടപടികൾ സഭയുടെ അന്തസ്സിനു ക്ഷതം ഏല്പിക്കുന്നതാണ്. ഈ പ്രശ്നത്തിന് ഉടനടി പരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം സിറോമലബാർ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ഡബ്ലിനിലെ “റിയാൾട്ടോ”യിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിശ്വാസികളെ പണത്തിന്റെ പേരിൽ രണ്ടായി തിരിക്കുന്ന സഭയുടെ നടപടികളോട് ഒരുതരത്തിലും വിട്ടുവീഴ്ചയില്ലെന്ന്  സമരത്തിൻറെ പ്രതിനിധികൾ അറിയിച്ചു.

Top