വാട്‌സ്ആപ്പിലൂടെ വംശീയാധിക്ഷേപം നടത്തുകയും ശാപവാക്കുകളും പ്രവാചക നിന്ദയും അയച്ച അധ്യാപികയ്ക്ക് ദുബായ് കോടതി 500000 ദിര്‍ഹം പിഴയിട്ടു.എമിറേറ്റി അധ്യാപികയായ 53കാരിയാണ് മറ്റൊരു വിഭാഗത്തില്‍ പെട്ട സ്വന്തം അമ്മാവനെ അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ നവംബര്‍ മുതല്‍ ഈവര്‍ഷം ജനുവരിവരെ വാട്‌സ്ആപ്പിലൂടെ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള സന്ദേശം അയച്ചത്. വഞ്ചകന്‍, ചതിയന്‍ തുടങ്ങിയ വാക്കുകളും ഇയാള്‍ക്കെതിരെ ഉപയോഗിച്ചതിന് തെളിവുകള്‍ കോടതിക്ക് ലഭിച്ചു. ദുബായ് ടെലികമ്യൂണിക്കേഷന്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്നും ഇതുപയോഗിച്ച് വംശീയാധിക്ഷേപം നടത്തിയെന്നും കോടതി കണ്ടെത്തി.
അധ്യാപിക താന്‍ ഈ വാക്കുകള്‍ ഉപയോഗിച്ചത് കോടതിയില്‍ സമ്മതിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ യഥാര്‍ഥ സ്വഭാവമാണെന്നും താന്‍ ഇയാളെ പണം നല്‍കിയും മറ്റും സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്നെ അപമാനിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാലാണ് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയച്ചതെന്നും അവര്‍ കോടതില്‍ പറഞ്ഞു. പ്രവാചക നിന്ദാ കുറ്റവും ഇവര്‍ ഏറ്റെടുത്തു. എന്നാല്‍ ശിക്ഷാ വിധി കേള്‍ക്കാന്‍ ഇവര്‍ കോടതിയിലെത്തിയില്ല. അധ്യാപികയ്ക്ക് വരുന്ന 15 ദിവസത്തിനകം കോടതിയില്‍ അപ്പീല്‍ നല്‍കാം.