
സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തു പുതുതായി ജോലി ലഭിക്കുന്ന അധ്യാപകർക്കുള്ള ശമ്പള വർധനവിലും അധിക ജോലി സമയം അടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ചും അധ്യാപകർ അസ്വസ്ഥരാണെന്നു റിപ്പോർട്ടുകൾ. നിലവിലുള്ള സാഹചര്യത്തിൽ അധ്യാപകർ തങ്ങളുടെ ജോലിയെ സംബന്ധിച്ചുള്ള ഭാരത്തിനെതിരെ ഇപ്പോൾ പ്രതികരിക്കാൻ തയ്യാറായേക്കുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
രാജ്യത്ത് അധ്യാപകർ അപമാനിക്കപ്പെടുന്നതായും, അസ്വസ്ഥരാണമെന്നും കടുത്ത മാനസിക സമ്മർദവും ദേഷ്യവും മൂലം ഇവർ ബുദ്ധിമുട്ടുകയാണെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാകുന്നത്. ഇതേ തുടർന്നു ഇവർ സർക്കാരുമായും, ശമ്പള പരിഷ്‌കരണ കമ്മിഷൻ അടക്കമുള്ളവരുമായി ഏറ്റുമുട്ടലിനൊരുങ്ങുകയാണ്. ആദ്യമായി ജോലിയ്ക്കു കയറുന്ന അധ്യാപകർ അടക്കമുള്ളവർക്കു ശമ്പളം നൽകുന്ന കാര്യത്തിൽ അടക്കം കൃത്യമായ തീരുമാനം ഉണ്ടായില്ലെങ്കിലും, ജീവനക്കാരുടെയും അധ്യാപകരുടെയും അധിക ജോലി സമയം സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടായില്ലെങ്കിൽ സമരത്തിലേയ്‌ക്കെന്ന സൂചനയാണ് അധ്യാപക സംഘടനകൾ ഇപ്പോൾ ഉയർത്തുന്നത്.
ജൂനിയർ സൈക്കിൾ റിഫോംസിന്റെ ഭാഗമായി നടപ്പാക്കിയ അധിക ജോലി സമയവും പുതിയ അധ്യാപകർക്കുള്ള ലോവർ പേ സ്‌കെയിലുമാണ് ഇപ്പോൾ അധ്യാപകരെ സമരത്തിലേയ്ക്കു നയിക്കുന്നത്. ഇത്തരത്തിൽ പ്രശ്‌ന പരിഹാരത്തിനായി അടുത്ത ആഴ്ചകൾ ഏറെ നിർണായകമാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ സമരത്തിലേയ്ക്കു കടക്കുമെന്നാണ് അധ്യാപക സംഘടനകൾ അടക്കമുള്ളവർ ഉയർത്തുന്ന ഭീഷണി ഇത് എങ്ങിനെ മറികടക്കുമെന്ന ആലോചനയിലാണ് ഇപ്പോൾ അധികൃതർ.