സ്വന്തം ലേഖകൻ
ദമ്മാം: മുപ്പത്തേഴു വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു കൊണ്ട് നാട്ടിലേയ്ക്ക് തിരികെ മടങ്ങുന്ന നവയുഗം സാംസ്‌കാരികവേദിയുടെ മുതിർന്ന പ്രവർത്തകനായ അബ്ദുൾ റഹ്മാൻ ബദറുദ്ദീന്, അദ്ദേഹം അംഗമായ നവയുഗം ദമ്മാം അമ്മാമ്ര യൂണിറ്റ് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.
തിരുവനന്തപുരം കല്ലറയിലെ കാട്ടുംപുറം ശാലുമൻസിലിൽ താമസക്കാരനായ അബ്ദുൾ റഹ്മാൻ ബദറുദ്ദീൻ 1979 ലാണ് പ്രവാസിയായി സൗദി അറേബ്യയിൽ എത്തിയത്. ദമ്മാമിലെ സൗദി ഓഫീസ് സ്റ്റേഷനറി എന്ന കടയിലെ ജീവനക്കാരനായി എത്തിയ അദ്ദേഹം, നീണ്ട 37 വർഷവും അതേ കടയിൽ തന്നെയാണ് ജോലി ചെയ്തത്. നവയുഗം സാംസ്‌കാരികവേദിയുടെ രൂപീകരണകാലം മുതലേ സജീവപ്രവർത്തകനായ അദ്ദേഹം, സാമൂഹ്യപ്രവർത്തനരംഗത്തും സജീവമായിരുന്നു. സൗദി അറേബ്യയുടെ നീണ്ടകാലത്തെ സാമൂഹികവും, സാമ്പത്തികവുമായ മാറ്റങ്ങൾക്ക് ദൃക്‌സാക്ഷി ആയ അദ്ദേഹം, ഇപ്പോൾ വിശ്രമജീവിതം നയിയ്ക്കാനായി ഭാര്യ റഷീദ ബദറും, ഷൈജു, ശാലു എന്നീ മക്കളും അടങ്ങുന്ന ചെറിയ കുടുംബത്തിലേക്ക് മടങ്ങുകയാണ്.
അമ്മാമ്ര യൂണിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് രഘു അദ്ധ്യക്ഷത വഹിച്ചു. നവയുഗത്തിന്റെ ഉപഹാരം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ അബ്ദുൾ റഹ്മാൻ ബദറുദ്ദീന് സമ്മാനിച്ചു. നവയുഗം ദമ്മാം മേഖല സെക്രെട്ടറി ശ്രീകുമാർ വെള്ളല്ലൂർ, മേഖല പ്രസിഡന്റ് അരുൺ നൂറനാട്, നവയുഗം നിയമസഹായവേദി കൺവീനർ ഷാൻ പേഴുമൂട്, നവയുഗം ദമ്മാം മേഖല നേതാക്കളായ മോഹനൻ, ചാക്കോ ജോൺ, രാജേഷ് ചടയമംഗലം, കെ.ബി.പിള്ള ആറ്റിങ്ങൽ, സന്തോഷ്, വിജയകുമാർ, കോശി തരകൻ, രഞ്ജിത്, സുധീർ, നിസാർ നേതാജിപുരം, സന്തോഷ് പുനലൂർ, സലാം കടയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
എല്ലാവർക്കും നന്ദി പറഞ്ഞ് അബ്ദുൾ റഹ്മാൻ ബദറുദ്ദീൻ നടത്തിയ വികാരനിർഭരമായ മറുപടിപ്രസംഗത്തിൽ സൗദിയിലെ കഴിഞ്ഞ കാലത്തെ ജീവിതത്തെക്കുറിച്ചും, വൈവിധ്യമാർന്ന പ്രവാസ അനുഭവങ്ങളെക്കുറിച്ചും, നവയുഗവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അനുസ്മരിച്ചു.
യാത്രയയപ്പ്ചടങ്ങിന് യൂണിറ്റ് ഭാരവാഹികളായ ജയൻ പിഷാരടി സ്വാഗതവും, സുകുപിള്ള വെഞ്ഞാറമൂട് നന്ദിയും പറഞ്ഞു.
ഫോട്ടോ:
1) അബ്ദുൾ റഹ്മാൻ ബദറുദ്ദീന് ഉണ്ണി പൂച്ചെടിയൽ നവയുഗത്തിന്റെ ഉപഹാരം കൈമാറുന്നു.
2) അബ്ദുൾ റഹ്മാൻ ബദറുദ്ദീൻ, നവയുഗം നേതാക്കൾക്കും, അമ്മാമ്ര യൂണിറ്റ് കമ്മിറ്റി പ്രവർത്തകർക്കുമൊപ്പം