അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികാലത്തിനു ശേഷം രാജ്യത്തെ തൊഴിൽ മേഖലയിൽ വീണ്ടും ഉണർന്നു. 2009നു ശേഷം ആദ്യമായി അയർലണ്ടിൽ ജോലിക്കാരുടെ എണ്ണം 2 മില്ല്യൺ കടന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സി.എസ്.ഒ). ഏപ്രിൽജൂൺ മാസത്തിനിടയിൽ 2.9% (56,200 പേർ) വർദ്ധനവാണ് ജോലിക്കാരുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ രാജ്യത്തുള്ള ആകെ ജോലിക്കാരുടെ എണ്ണം 2,014,900 ആണ്. 2008ലെ സാമ്പത്തിക മാന്ദ്യത്തിനു മുമ്പ് രാജ്യത്ത് 2.16 മില്ല്യൺ പേർക്കാണ് ജോലി ഉണ്ടായിരുന്നത്.
2016 തുടങ്ങിയ ശേഷം ആഴ്ചയിൽ 1,000 ജോലി വീതം സമ്പദ് വ്യവസ്ഥയിലേയ്ക്ക് കൂട്ടിച്ചേർക്കപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. 2016ന്റെ രണ്ടാം പാദത്തിൽ ഫുൾ ടൈം ജോലിക്കാരുടെ എണ്ണത്തിൽ 3%വും (44,900 പേർ), പാർട്ട് ടൈം ജോലിക്കാരുടെ എണ്ണത്തിൽ 2.5%വും (11,400) വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായും സി.എസ്.ഒ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ, മെയ്, ജൂൺ എന്നീ മൂന്നു മാസങ്ങൾക്കിടെ തൊഴിലില്ലാത്തവരുടെ എണ്ണം 11.1% കുറഞ്ഞു. കൂടുതൽ ജോലിസാധ്യതകളുണ്ടാകുന്നത് മെച്ചപ്പെട്ട സമൂഹത്തെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് ധനകാര്യമന്ത്രി മൈക്കൽ നൂനാൻ പ്രതികരിച്ചു.