സ്വന്തം ലേഖകൻ
ഡബ്ലിൻ: സ്വയം തൊഴിൽ രംഗത്തേയ്ക്കു കൂടുതൽ യുവാക്കളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി സർക്കാരും മന്ത്രിയും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും തൊഴിൽരഹിതവേതനം നടപ്പാക്കുമെന്ന് മന്ത്രി ലിയോ വരേദ്കർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നു രാജ്യത്ത് കൂടുതൽ യുവാക്കളെ സ്വയം തൊഴിലിലേയ്ക്കു ആകർഷിക്കാനാവുമെന്നും സർക്കാർ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. ഏതെങ്കിലും കാരണവശാൽ സ്വയം തൊഴിൽ സംരംഭം പരാജയത്തിലേക്ക് പോയാൽ അവരെ സംരക്ഷിക്കാനുള്ള പദ്ധതിയയാവും ഇത് നടപ്പാക്കുക.അടുത്ത ബജറ്റിൽ തന്നെ സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ഡോൾ(തൊഴിൽരഹിതവേതനം) ഉൾപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സോഷ്യൽ പ്രൊട്ടക്ഷൻ മന്ത്രി ഉറപ്പു നൽകി.
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് കൂടുതൽ പ്രോത്സാഹനം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് മന്ത്രി പറഞ്ഞു.കഴിഞ്ഞ ബജറ്റിൽ സ്വയം തൊഴിൽ ചെയ്യുന്നവരുടെ ടാക്‌സ് ക്രഡിറ്റ് ഒറ്റയടിക്ക് 400 യൂറോയാണ് വർദ്ധിപ്പിച്ചത്.
സ്വായം തൊഴിൽ ചെയ്യുകയും,പിആർ എസ് ഐ അടയ്ക്കുകയും ചെയ്യുന്നവരെ സഹായിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.അത് ഏറ്റെടുത്തു നടപ്പാക്കുന്നത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.മന്ത്രി പറഞ്ഞു. ബിസിനസ് പൊളിഞ്ഞാലും സർക്കാർ അവർക്കു തുണയാകും.
ലിയോ വരേദ്കറുടെ പ്രഖ്യാപനത്തിന് എതിരെ എതിർപ്പുകളും ഉയർന്നു കഴിഞ്ഞു.ഫിനഗേൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിലാണ് ഇത്തരം പ്രഖ്യാപനങ്ങൾ ലിയോ നടത്തുന്നത് എന്നാണ് ചില പ്രതിപക്ഷ ടി ഡി മാർ പ്രതീകരിച്ചത്.ഓരോ വർഷവും രജിസ്റ്റർ ചെയ്തു പൂട്ടി നഷ്ടത്തിൽ പോകുന്ന സ്വയം തൊഴിൽ കാരെ സംരക്ഷിക്കണമെങ്കിൽ മില്യണുകൾ വേണ്ടിവരുമെന്നാണ് അവരുടെ വാദം.