എം.മുണ്ടയാട്
ഹൂസ്റ്റൺ: അമേരിക്കൻ മലയാളികൾ ആകാംക്ഷാപൂർവ്വം കാത്തിരുന്ന തൈക്കുടം ബ്രിഡ്ജ് ഷോ വൈകുന്നതിൽ സംഘാടകരായ ഫ്രീഡിയ എന്റർടൈൻമെന്റ് ഖേദം പ്രകടിപ്പിച്ചു. സെപ്റ്റംബറിലോ ഒക്ടോബറിലോ ഷോ അവതരിപ്പിക്കാനുകുമെന്ന് കരുതുന്നതായി ഫ്രീഡിയ അധികൃതർ പറഞ്ഞു.
‘ഹൈ വോൾട്ടേജ്’ സംഗീത നൃത്തശിൽപമായ തൈക്കുടം ബ്രിഡ്ജ് കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുവാൻ സാങ്കേതിക വിദഗ്ധരുടെ നീണ്ടനിര തന്നെ വേണം. സാങ്കേതിക മികവും ശബ്ദമിഴിവുമാണു ഷോയെ ഹൃദയാവർജ്ജകമാക്കുന്നത്.
മൊത്തം 22 അംഗ ടീമിൽ ആറുപേരാണ് സാങ്കേതിക സ്റ്റാഫ്. സൗണ്ട് എൻജിനീയർമാർ, ബാക്ക് അപ് വോക്കൽ തുടങ്ങിയവർ. എന്നാൽ ഒരു ഷോയ്ക്ക് ഇത്രയും സാങ്കേതിക വിദഗ്ധർ ആവശ്യമില്ലെന്നാണ് കോൺസുലേറ്റ് നിലപാട്. ഷോയുടെ പ്രത്യേകത കോൺസുലേറ്റ് അധികൃതർ കണക്കിലെടുക്കില്ലെന്നർത്ഥം. ഒരു സൗണ്ട് എൻജീനീയർക്കും രണ്ട് ബാക് അപ് വോക്കൽ സിംഗേഴ്‌സിനുമാണ് വിസ ലഭിച്ചത്. മെയിൻ മിക്‌സ് സൗണ്ട് ടെക്ക്, സബ് മിക്‌സ് സൗണ്ട് ടെക്ക്, മോണിട്ടർ മിക്‌സ് സൗണ്ട് ടെക്ക് എന്നിവരിൽ ഒരാൾക്ക് മാത്രം ആണ് വിസ ലഭിച്ചത്.
എന്നാൽ സ്റ്റാഫ് കുറയുമ്പോൾ ഷോയുടെ മേന്മയും കുറയും. ഇവിടെ നിന്ന് സാങ്കേതിക വിദഗ്ധരെ ഉൾക്കൊള്ളിക്കാൻ പലവിധ പ്രയാസങ്ങളുമുണ്ട്.
ഈ സാഹചര്യത്തിലാണ് ഷോ മാറ്റിവെയ്ക്കാൻ നിർബന്ധിതരായതെന്ന് ഫ്രീഡിയ അധികൃതർ പറഞ്ഞു. ഷോയിൽ വേണ്ട മാറ്റംവരുത്തി കൂടുതൽ സാങ്കേതിക വിദഗ്ദ്ധരെ ഇവിടെ നിന്നുൾപ്പെടുത്തി സെപ്‌റ്റെമ്പെർ ഒക്ടോബർ മാസങ്ങളിലേക്ക് കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത്തരമൊരു അനുഭവം തങ്ങൾക്ക് ഇതാദ്യമാണെന്നും ഷോയ്ക്ക് പണം നൽകിയവർക്ക് അതു മടക്കി നൽകുമെന്നും ഫ്രീഡിയ എന്റർടൈൻമെന്റ് ചെയർമാൻ ഡോ. ഫ്രീമു വർഗീസ് പറഞ്ഞു. തങ്ങളോട് സഹകരിക്കുന്ന മലയാളി സമൂഹത്തിനും സ്‌പോൺസർമാർക്കും അദ്ദേഹം നന്ദി പറഞ്ഞു.