ന്യൂയോര്‍ക്ക്: തകര്‍ന്നടിഞ്ഞ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയ്ക്കിടെ കാണാതായ മൂങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. അഞ്ച് പേരടങ്ങുന്ന മുങ്ങിക്കപ്പലില്‍ ഇനി അവശേഷിക്കുന്നത് 40 മണിക്കൂര്‍ മാത്രം പിടിച്ച് നില്‍ക്കാനുള്ള ഓക്സിജനാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ ടൈറ്റന്‍ എന്ന മുങ്ങിക്കപ്പല്‍ കാണാതാകുന്നത്. 21 അടി നീളമുള്ള ടൈറ്റന്‍ എന്ന മുങ്ങിക്കപ്പലില്‍ രണ്ട് ജീവനക്കാരും മൂന്ന് കോടീശ്വരന്മാരും ഉള്‍പ്പെടുന്ന അഞ്ചംഗ സംഘമാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനി ടൈക്കൂണ്‍ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍ എന്നിവരായിരുന്നു അത്.
ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് മുങ്ങിക്കപ്പല്‍. എട്ടു ദിവസത്തെ പര്യവേഷണത്തില്‍ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ) ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂര്‍ സമയമെടുക്കും.