ഡബ്ളിൻ : ജീവിത പങ്കാളി മരിച്ചാൽ പിന്നെ എല്ലാവരുടെയും ജീവിതം ഇങ്ങനെയാ.. ജീവിച്ചിരിക്കുമ്പോൾ ആ സ്നേഹം മനസ്സിലാക്കാൻ ആർക്കും സാധിക്കില്ല..”.കഴിഞ്ഞ വർഷം കൊച്ചിടപ്പാടിയിലെ വീട്ടിൽ ബേബിചേട്ടനെ കാണാൻ പോയപ്പോൾ പറഞ്ഞ വാക്കുകളാണിത്.
6 വർഷം മുൻപ് ഭാര്യ ജെസ്സി മരണമടഞ്ഞതിൽ പിന്നെ ബേബിചേട്ടന്റ ജീവിതവും ഇരുട്ട് പരന്ന അവസ്ഥയിലായി.അതുവരെ പൊതുക്കാര്യ പ്രസക്തനായി എല്ലാകാര്യത്തിലും ഇടപെട്ടിരുന്ന ബേബിചേട്ടന്റെ മാറ്റം മക്കളുടെയും ഉള്ള് ഉലച്ചു. നാലു വർഷം മുൻപ് അയർലണ്ടിൽ മകൻ സിറിലിന്റെ വീട്ടിൽ മൂന്ന് മാസത്തെ സന്ദർശനത്തിനെത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. എല്ലാകാര്യങ്ങളെക്കുറിച്ചും പൊതുവായ അറിവുള്ള ഒരു വ്യക്തിത്വം. മുതിർന്നവരോട് സംസാരിക്കുമ്പോൾ കൂടുതൽ പക്വത.കുട്ടികളുമായി ഇടപഴകുമ്പോൾ കുട്ടികളെപ്പോലെ.അയർലണ്ടിൽ പിടിച്ചു നിൽക്കാൻ പറ്റുന്ന തരത്തിൽ അത്യാവശ്യം ഇംഗ്ലീഷ് ഭാഷയും സായത്തമാക്കിയിരുന്നു അദ്ദേഹം.അയർലണ്ടിൽ വന്നപ്പോൾ വെള്ളയും ചുവപ്പും കലർന്ന പൂക്കൾ ഇട കലർന്ന് നിൽക്കുന്നത് കണ്ട് കേരള കോൺഗ്രസ് എം ന്റെ പതാകയുടെ നിറം ആണെന്ന് പറഞ്ഞ് പാർട്ടി സ്നേഹം പ്രകടമാക്കി. സിറിലിന്റെ ഭാര്യ ജാൻസി,റേഷൻ ആയി മാത്രമേ മദ്യം തരുകയുള്ളൂ എന്ന ഒരു പരാതിയും ഉണ്ടായിരുന്നു( അദ്ദേഹത്തിന്റെ ആരോഗ്യനില അറിയാവുന്ന ജാൻസി അത് ചെയ്തത് ശരിയുമായിരുന്നു).
യാത്രയ്ക്കിടെ ഇവിടെയുള്ള ഏതാനും പബുകൾ ( ബാർ ) സന്ദർശിച്ച അവസരത്തിൽ അവയുടെ പേരുകളുടെ പ്രത്യേകതയും, അവയുടെ പഴക്കവും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.ഡെഡ് മാൻസ് ഇൻ, ദി ടെംപിൾ ബാർ, ജോണി ഫോക്സസ്, ഷേക്സ്പീയർ ബാർ തുടങ്ങിയ പേരുകൾ അദ്ദേഹം ഓർത്തുവച്ചിരുന്നു.അതിൽ ഡെഡ് മാൻസ് ഇൻ ബാർ 1864 ൽ ആരംഭിച്ചതാണെന്ന കാര്യം കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഓർത്ത് പറഞ്ഞു.ദുബായിലും, യു കെ യിലും അയർലണ്ടിലും മക്കളുടെ അടുത്ത് കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചിരുന്നു.
മാണിസാറിനെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന് നൂറ് നാക്കായിരുന്നു.വാർഡ് പ്രസിഡണ്ട് ആയിരുന്ന സമയത്ത് പാലായിൽ ഇലക്ഷന് മാണിസാറിനെതിരായി കള്ള വോട്ട് ചെയ്യാൻ വന്ന ചെറു കൂട്ടത്തെ ഒറ്റയ്ക്ക് നിന്ന് നേരിട്ട് വിരട്ടി വിട്ട കാര്യവും ഒരിക്കൽ പറഞ്ഞു. ഇടക്കൊക്കെ സാമൂഹ്യ പ്രവർത്തക നിഷ ജോസ് വീട് സന്ദർശിച്ച് ഓരോ കാര്യങ്ങൾ പങ്ക് വയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷവും ആത്മവിശ്വാസവും അദ്ദേഹത്തിന് ഒരു ബലമായിരുന്നു.മക്കളെല്ലാവരും നല്ലനിലയിലാണ് എന്ന ഒരു സംതൃപ്തിയായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം.
ജോസ് കെ മാണി എം പിയുമായും, തോമസ് ചാഴികാടൻ എക്സ് എം പിയുമായും അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. വർഷങ്ങൾക്ക് മുൻപ് അംഗൻ വാടിക്ക് കെട്ടിടം കിട്ടാൻ ബുദ്ധിമുട്ടിയപ്പോൾ സ്വന്തം കെട്ടിടം അതിനായി വിട്ടു കൊടുത്തും അദ്ദേഹം മാതൃകയായി.മൂന്നാനി പള്ളിയിലെ കൈക്കാരനായും, കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കൺവീനർ ആയുമൊക്കെ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ ദുഖിക്കുന്ന മക്കളായ ഗ്രേസ്, ബിന്ദു, മാത്യൂസ്, സിറിൾ മറ്റ് കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം ആ വേദനയിൽ പങ്ക് ചേർന്ന് ബേബിച്ചേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
രാജു കുന്നക്കാട്ട്.