പി.പി ചെറിയാൻ
ഫ്‌ളോറിഡ: ഏഴുവയസുകാരിയായ മോളിയും ജർമ്മൻ ഷെപ്പേർഡും പരസ്പരം ഇണപിരിയാനാവാത്ത കൂട്ടുകാരാണ്. മോളി എവിടെ പോയാലും പിൻതുടർന്നു ജെർമ്മൻ ഷെപ്പേർഡും ഉണ്ടാകും.
ടാംമ്പയിലുള്ള മോളിയുടെ ബാക് യാർഡിൽ മെയ് പന്ത്രണ്ടു ബുധനാഴ്ച ഇരുവരും നടക്കുന്നതിനിടിയിൽ എവിടെ നിന്നോ എത്തിയ ഉഗ്രവിഷമുള്ള റാറ്റിൽ സ്‌നേക്ക് മോളിയെ ആണ്ടു കൊത്തുന്നതിനായി അടുത്തുവരുന്നത് ജർമ്മൻഷെപ്പേർഡിന്റെ ശ്രദ്ധയിൽപ്പെട്ടു.
പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല, മോളിക്കും പാമ്പിനും ഇടയിൽ പട്ടി ചാടിവീണു. പാമ്പിന്റെ പക തീർക്കുനനതിനു മൂന്നു തവണയാണ് പാമ്പ് പട്ടിയെ ആഞ്ഞു കൊത്തിയത്. ഇരയെ ലഭിക്കാത്തതിലുള്ള നിരാശയിൽ പാമ്പ് ഇഴഞ്ഞു പോകുമ്പോൾ കൂട്ടുകാരിയെ രക്ഷിക്കാൻ സാധിച്ച ചാരിതാർഥ്യത്തോടെ ജർമ്മൻ ഷെപ്പേർഡ് വഴിയിൽ കുഴഞ്ഞു വീണു. രക്തം വമിക്കുന്ന മുറിവുമായി ദീന രോദനം പുറപ്പെടുവിച്ച ജർമ്മൻ ഷെപ്പേർഡിനെ ഉടൻ വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു ചികിത്സ നടത്തി.
ചിലവേറിയ ആന്റി വെനം വാങ്ങുന്നതിനു ആവശ്യമായ തുക ഈ സംഭവം കേട്ടറിഞ്ഞ നല്ലവരായ ജനങ്ങൾ സംഭവാന ചെയ്തു. ഒറ്റ ദിവസം കൊണ്ടു ജെർമ്മൻ ഷെപ്പേർഡിന്റെ ചികിത്സയ്ക്കായി ലഭിച്ചത് 33,000 ഡോളർ. നായയുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്.
മകളുടെയും പാമ്പിന്റെയും നടുവിൽ പട്ടി നിന്നില്ലായിരുന്നെങ്കിൽ എന്നെന്നേയ്ക്കുമായി മോളിയെ നഷ്ടപ്പെടുമായിരുന്നുവെന്നു മാതാവ് സോണിയ പറഞ്ഞു. മോളിയുടെയും പട്ടിയുടെയും ജീവൻ രക്ഷിക്കുന്നതിനു സഹകരിച്ച എല്ലാവർക്കും സോണിയ പ്രത്യേകം നന്ദിയും അറിയിച്ചു.