ട്രംപിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെ മെയില്‍ ബോംബാക്രമണ ശ്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമ, നടന്‍ റോബര്‍ട്ട് ഡി നീറോ എന്നിവര്‍ക്കുള്‍പ്പെടെ 12 പാക്കറ്റുകളാണ് അയച്ചത്. ന്യൂയോര‍്‍ക്ക് സിറ്റിയില്‍നിന്നും ഫ്ലോറിഡയില്‍നിന്നുമായി രണ്ടെണ്ണമാണ് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. ലഭിച്ച പാക്കുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് എഫ്ബിഐ. വ്യവസായി ജോര്‍ജ് സോറസിന്‍റെ തപാല്‍ പെട്ടിയില്‍നിന്ന് തിങ്കളാഴ്ചയാണ് ബോബ് ഘടിപ്പിച്ച മെയില്‍ കണ്ടുകിട്ടിയത്.
തുടര്‍ന്നാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കറിന്‍റെ അഡ്രസില്‍ നല്‍കാനുള്ള പാക്ക് ഫ്ലോറിഡയില്‍നിന്നും മുന്‍ ഇന്‍റലിജന്‍സ് ചീഫ് ജെയിംസ് ക്ലാപ്പെറിന്‍റെ അഡ്രസ് രേഖപ്പെടുത്തിയ പാക്ക് ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്നുമാണ് കണ്ടെത്തിയത്. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റന്‍, മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബിഡന്‍, മുന്‍ അറ്റോണി ജനറല്‍ എറിക് ഹോള്‍ഡര്‍ തുടങ്ങി മറ്റ് പത്ത് പേര്‍ക്കും സമാനമായ മെയില്‍ ബോംബുകള്‍ അയച്ചിട്ടുണ്ട്.