പി.പി ചെറിയാൻ
സെന്റ്‌ലൂയിസ്: ഒക്ടോബർ ഒൻപതിനു നടന്ന സ്ഥാനാർഥികളുടെ അഭിമുഖം പരസ്പരം വ്യക്തിഹത്യ നടത്തുന്ന തലത്തിലേയ്ക്കു അധപതിച്ചതായി സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഇ-മെയിൽ വിവാദത്തിൽ കുറ്റക്കാരിയാണെന്നു കണ്ടെത്തിയാൽ ഹില്ലരിയെ ജയിലിലാക്കണമെന്ന ട്രമ്പിന്റെ പരാമർശം വൻ വിവാദത്തിനു തിരികൊളുത്തി.
സ്വകാര്യ സംഭാഷണത്തിൽ നിന്നും അടർത്തിയെടുത്ത വാചകങ്ങളും ഹില്ലരിയുടെ ഈ മെയിൽ വിവാദവും കത്തിപടർന്ന അഭിമുഖം ആത്മാഭിമാനമുള്ളവർക്കു കേട്ടിരിക്കുക എന്നത് അസഹനീയമായിരുന്നു.
ഹില്ലരിയുടെ കെടുകാര്യസ്ഥതയെക്കുറിച്ചും സത്യസന്ധത ഇല്ലായ്മയെക്കുറിച്ചും ട്രമ്പ് ആവർത്തിക്കുകയും സ്ഥിരം നുണയനാണെന്നു സമർത്ഥിക്കുകയും ചെയ്തപ്പോൾ സ്ത്രീകളെ അപമാനിക്കുകയും അഭയാർത്ഥികൾക്കു പ്രവേശനം നിഷേധിക്കുകയും അമേരിക്കൻ ജനതയെ അപഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ട്രമ്പെന്നു സമർത്ഥിക്കുവാൻ ഹില്ലരിയും ശ്രമിക്കുന്നത് കൗതുകത്തോടെയാണ് കാണികൾ വീക്ഷിച്ചത്.
ഇതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുത്താൽ ആദ്യമായി ഹില്ലരിയുടെ ഈ മെയിൽ വിവാദത്തെക്കുറിച്ചു അന്വേഷിച്ചു നടപടികൾ സ്വീകരിക്കുവാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നു കുറ്റക്കാരിയാണെന്നു കണ്ടെത്തിയാൽ പ്രോസിക്യൂട്ട് ചെയ്തു ജയിലിൽ അടയ്ക്കണമെന്നും ട്രമ്പ് വ്യക്തമാക്കിയത്. ട്രമ്പിന്റെ പരാമർശം ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചതെങ്കിലും അമേരിക്കൻ സംസ്‌കാരത്തിനു വിരുദ്ധമാണ് ഇതെന്നു സാംസ്‌കാരിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.