പി.പി ചെറിയാൻ
ന്യൂമെക്‌സിക്കോ: ന്യൂമെക്‌സിക്കോയിൽ ഇന്നു വൈകിട്ട് നടന്ന ട്രമ്പിന്റെ തിരഞ്ഞെടുപ്പു റാലിയ്‌ക്കെതിരെ പ്രതിഷേധം അണപൊട്ടിയൊഴുകിയപ്പോൾ പ്രതിഷേധക്കാരെ വിരട്ടിയോടിക്കുന്നതിനു പൊലീസ് സ്‌മോക് ബോംബ് പ്രയോഗിച്ചു.
റാലിയിൽ പങ്കെടുത്തവർക്കെതിരെ പ്രതിഷേധിച്ചവർ പൊലീസ് ബാരിക്കേഡുകൾ തകർത്തു കല്ലേറ് നടത്തുകയും അക്രമാസക്തരാവുകയും ചെയ്തു. ഇന്ന് വൈകിട്ട് ഏഴരയ്ക്കു ആയിരക്കണക്കിനു ട്രമ്പ് അനുകൂലികൾ ന്യൂ മെക്‌സിക്കൻ സിറ്റി കൺവൻഷൻ സെന്ററിനു മുന്നിൽ പ്രകടനമായി എത്തി ചേരുകയും നൂറുകണക്കിനു പ്രതിഷേധക്കാർ ട്രമ്പിനെതിരെ മുദ്രാവാക്യം വിളിച്ചു അണിനിരക്കുകയും ചെയ്തതാണ് പ്രകോപനം സൃഷ്ടിച്ചത്.
തുടർന്നു പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി. രാത്രി 10.30 നു കൺവൻഷൻ സെന്റിൽ നടന്ന ട്രമ്പിന്റെ പ്രസംഗം തടസപ്പെടുത്തുന്നതിനും പ്രതിഷേധക്കാർ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ബഹളത്തിനിടയിൽ പെപ്പർ സ്‌പ്രേ പ്രയോഗിച്ചതായും വെടിയൊച്ച കേട്ടതായും പ്രതിഷേധക്കാർ പറയുന്നുണ്ടെങ്കിലും ഇത് പൊലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.